Wednesday, October 14, 2026

ആലപ്പുഴയിൽ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ വാഹനം തടഞ്ഞു നിർത്തി മോചിപ്പിക്കാൻ ശ്രമം; 6 പേർ അറസ്റ്റിൽ

 

ആലുവ: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊച്ചുകുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിനെ വാഹനം തടഞ്ഞു നിർത്തി മോചിപ്പിക്കാൻ ശ്രമിച്ച കേസിൽ 6 പേർ അറസ്റ്റിൽ.

ആലുവയിൽ കമ്പനിപ്പടിയിൽ വച്ചാണ് ഇവർ വാഹനം തടഞ്ഞത്.സംഭവത്തിൽ കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കൽ സുധീർ (45), എരമം ഓലിപറമ്പിൽ സാദിഖ് (43), ഓലിപ്പറമ്പിൽ ഷമീർ ( 38 ), പയ്യപിള്ളി ഷഫീഖ് (38), ഏലൂക്കര അത്തനാട്ട് അൻവർ (42), ഉളിയന്നൂർ പല്ലേരിക്കണ്ടം കാസിം (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ കുന്നംകുളത്തുനിന്ന് അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് പൊലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടയിലാണ് സംഘം ചേർന്ന് മോചിപ്പിക്കാൻ ശ്രമിച്ചത്. അമ്പതോളം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

മെയ് 21ന് ആലപ്പുഴയില്‍ നടന്ന റാലിയുടെ സ്വാഗതസംഘം ചെയര്‍മാനാണ് യഹിയ തങ്ങള്‍. വന്‍ പൊലീസ് സന്നാഹത്തോടെ ഉച്ചയോടെയാണ് ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ ഇയാളെ എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ യഹിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച അനുമതിയില്ലാതെ എസ്പി ഓഫീസ് മാര്‍ച്ച് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തു. അതേസമയം കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്ത കുട്ടിയുടെ പിതാവ് അടക്കം 5 പേരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ ഇതുവരെ 26 പേര്‍ പിടിയിലായിട്ടുണ്ട്.

Related Articles

Latest Articles