Monday, April 29, 2024
spot_img

നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമം;മൂന്ന് മൊത്ത കച്ചവടക്കാർ അറസ്റ്റിൽ

ഇടുക്കി :വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് മൊത്ത കച്ചവടക്കാർ അറസ്റ്റിൽ. രാജാക്കാട് സ്വദേശി സുമേഷ് എറണാകുളം സ്വദേശികളായ നാദിർഷ പോഞ്ഞാശേരി മരത്താൻതോട്ടത്തിൽ ഷെജീർ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കാറുകളിലായി 5640 പായ്‌ക്കറ്റ് ഹാൻസാണ് ഇവർ കടത്താൻ ശ്രമിച്ചത്.പൂപ്പാറ ഗവ.കോളജിന് സമീപം ശാന്തൻപാറ പോലീസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് മൂവർ സംഘം അറസ്റ്റിലായത്.

പെരുമ്പാവൂരിൽ നിന്നുമാണ് പ്രതികൾ നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. രാജകുമാരി നോർത്തിലുള്ള കടയിൽ 15 പായ്‌ക്കറ്റ് ഹാൻസ് സൂക്ഷിച്ചതിന് പ്രതിയായ സുമേഷിനെ കഴിഞ്ഞ സെപ്റ്റംബർ 29 ന് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇയാൾ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. ശേഷം കഴിഞ്ഞ ഒക്ടോബർ 9 ന് സുഹൃത്തായ പൂപ്പാറ സ്വദേശി ഈശ്വരൻ എന്നയാൾക്കൊപ്പം തമിഴ്‌നാട്ടിൽ നിന്നും 2700 പായ്‌ക്കറ്റ് ഹാൻസ് അതിർത്തി കടത്തി കൊണ്ടു വരുന്നതിനിടെ വീണ്ടും ശാന്തൻപാറ പോലീസിന്റെ പിടിയിലായി.

ഈ കേസിലും സുമേഷ് സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങി . തുടർന്ന് എറണാകുളം സ്വദേശികളായ നാദിർഷ, ഷെജീർ എന്നിവർക്കൊപ്പം പുകയില ഉൽപന്നങ്ങളുടെ മൊത്തകച്ചവടത്തിൽ ഏർപ്പെടുകയായിരുന്നു. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾ പുകയില ഉൽപന്നങ്ങൾ കടത്താനുപയോഗിച്ച 2 വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് ശാന്തൻപാറ പോലീസ് അറിയിച്ചു.

Related Articles

Latest Articles