Saturday, May 18, 2024
spot_img

ഡ്രോൺ വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; പാകിസ്ഥാൻ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള നാല് പേർ അതിർത്തി രക്ഷാ സേനയുടെ പിടിയിൽ

അമൃത്സർ: ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് പേർ അതിർത്തി രക്ഷാ സേനയുടെ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി അമൃത്സറിന് സമീപം സംശയാസ്പദമായ തരത്തിൽ ഒരു ഡ്രോൺ കണ്ടെത്തിയിരുന്നു. തുടർന്ന് ബിഎസ്എഫ് നടത്തിയ പരിശോധനയിൽ നാല് പേരെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 9 പാക്കറ്റ് ഹെറോയിനും ഒരു പാക്കറ്റ് മെതാംഫെറ്റാമൈനും ബുള്ളറ്റോട് കൂടിയ തോക്കും മോഷ്ടിച്ച സ്‌കൂട്ടറും പിടികൂടി.

പാകിസ്ഥാനിലെ കള്ളക്കടത്ത് സംഘവുമായി ചേർന്ന് ഒന്നിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതികളിലൊരാൾ മൊഴി നൽകി. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ റാണ എന്ന പാകിസ്ഥാൻ കള്ളക്കടത്തുകാരനും അയാളുടെ സഹോദരനും പ്രതികളും ചേർന്ന് നടത്തിയ ഫോൺ സംഭാഷണങ്ങളും വീഡിയോ കോളിന്റെ വിവരങ്ങളും അന്വേഷണസംഘം കണ്ടെത്തി. മൂന്ന് പേർക്കെതിരെയും ഇന്റർപോളിന് നോട്ടീസ് അയക്കുമെന്നും ബിഎസ്എഫ് അറിയിച്ചു.

മയക്കുമരുന്ന് കടത്തിന്റേയും പണമിടപാടുകൾ നടത്തിയതിന്റെ വിവരങ്ങളും മൊബൈൽ ഫോൺ പരിശോധനയിൽ കണ്ടെത്തി. കൂടാതെ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്ക് കൈമാറി. ഇതിന്റെ പരിശോധന റിപ്പോർട്ട് എൻസിബി പിന്നീട് ബിഎസ്എഫിന് കൈമാറുകയും ചെയ്തു. കള്ളക്കടത്ത് ശൃംഖലയിലുള്ള മറ്റുള്ള കണ്ണികളെ പിടികൂടാൻ ഈ റിപ്പോർട്ട് പ്രയോജനപ്പെടുമെന്നും സുരക്ഷാ സേന അറിയിച്ചു.

Related Articles

Latest Articles