Thursday, October 22, 2026

പന്തളം കൊട്ടാരത്തിൽ മോഷണശ്രമം;സിസിടിവിയിൽ കുടുങ്ങി പശ്ചിമ ബംഗാൾ സ്വദേശി, സാഹസികമായി പിടികൂടി നാട്ടുകാർ

പന്തളം: ചരിത്രപ്രസിദ്ധമായ പന്തളം കൊട്ടാരത്തിൽ മോഷണശ്രമം. കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ പശ്ചിമ ബംഗാൾ സ്വദേശിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. ബംഗാൾ സ്വദേശിയായ സുധാകർ (46) ആണ് പന്തളം പോലീസിന്റെ കസ്റ്റഡിയിലായത്.

​ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കൊട്ടാരനിവാസിയായ ദീപാ വർമ്മയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാത്രി വീടിനുള്ളിൽ അസ്വാഭാവികമായ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട ദീപാ വർമ്മ, ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. അപരിചിതനായ ഒരാൾ വീടിനുള്ളിൽ നിൽക്കുന്നത് കണ്ട് ഇവർ ബഹളം വെച്ചു.

​ബഹളം കേട്ട് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ബന്ധു ഓടിയെത്തുകയും പ്രതിയെ തടഞ്ഞുവെക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പന്തളം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ കൊട്ടാരത്തിലെത്തിയത് മോഷണ ലക്ഷ്യത്തോടെ തന്നെയാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

Related Articles

Latest Articles