Friday, November 6, 2026

കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു ! കോട്ടപ്പടി പഞ്ചായത്തിലെ 4 വാർഡുകളിൽ അടുത്ത 24 മണിക്കൂർ നിരോധനാജ്ഞ

കോതമംഗലം : കോട്ടപ്പടിയിൽ ഇന്ന് പുല‍ർച്ചെ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം ആവശ്യമെങ്കിൽ മാത്രം മയക്കുവെടി വെയ്ക്കാനാണ് തീരുമാനമെന്ന് മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു. ഇതിന്റെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ അടുത്ത 24 മണിക്കൂർ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പുലർച്ചെ രണ്ടുമണിയോടെയാണ് ആന ചതുരാകൃതിയിലുള്ള ആഴം കുറഞ്ഞ കിണറ്റിൽ വീണത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വഴിയൊരുക്കാനുള്ള ശ്രമം തുടരുകയാണ്. ആന കിണറ്റിൽനിന്നും സ്വയം കരകയറാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ആന കരയ്ക്കു കയറിയാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ അധികൃതർ ദൂരേക്കു മാറ്റുകയാണ്. ആന നിലവിൽ ക്ഷീണിതനെന്നാണ് ചേഷ്ഠകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.

അതേസമയം നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പ്രതിഷേധിച്ചിരുന്നു. ആന വീണ കിണർ നന്നാക്കി കുടിവെള്ളം എടുക്കുന്ന രൂപത്തിലാക്കണമെങ്കിൽ കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും ചെലവ് വരും. ഇതും ഉടൻ നൽകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. സമീപത്തെ പത്തോളം വീട്ടുകാരുടെ കുടിവെള്ള സ്രോതസ്സായിരുന്നു ഈ കിണർ.

Related Articles

Latest Articles