തിരുവനന്തപുരം : വ്രതശുദ്ധിയോടെ പൊങ്കാലയര്‍പ്പിക്കാന്‍ ആയിരങ്ങള്‍ തലസ്ഥാനത്ത് എത്തി. ആറ്റുകാല്‍ ദേവിയുടെ അനുഗ്രഹ വര്‍ഷം തേടി നഗരം മുഴുവന്‍ പൊങ്കാലക്കലങ്ങള്‍ നിരന്നു. ദിവസങ്ങള്‍ക്കു മുന്‍പേ അടുപ്പൊരുക്കി കാത്തിരിക്കുന്നവര്‍ക്കിടയിലേക്ക് ഇന്നലെ രാത്രിയും ഭക്തലക്ഷം ഒഴുകിയെത്തി.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതയിലാണ് ഇന്ന് ആറ്റുകാല്‍ പൊങ്കാല. കുംഭപൗര്‍ണമി ദിനമായ ഇന്ന് രാവിലെ 10.20 നാണ് പൊങ്കാല ചടങ്ങുകള്‍ തുടങ്ങുന്നത്. ഭക്തരുടെ ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. ക്ഷേത്രത്തിന് മുന്നില്‍ നിന്നും തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതത്തില്‍ പണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടന്‍ തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും.
മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പൊങ്കാല അടുപ്പിലും തീ പകരും. തുടര്‍ന്ന് ദീപം പൊങ്കാല അടുപ്പുകളിലേക്ക് കൈമാറുന്നതോടെ നഗരം ഒരു യാഗശാലയായി മാറും. ഉച്ചയ്ക്ക് 2.10 നാണ് പൊങ്കാല നിവേദ്യം. ദേവി ദര്‍ശനത്തിനായി ഒഴുകി എത്തുന്ന ഭക്തരാല്‍ വലിയ തിരക്കാണ് ആറ്റുകാലിലിലും പരിസരത്തും അനുഭവപ്പെടുന്നത്.

