Sunday, April 28, 2024
spot_img

ആറ്റുകാല്‍ പൊങ്കാല 20 ന്; അനന്തപുരി അവസാനഘട്ട ഒരുക്കത്തില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ ഉത്സവമായ ആറ്റുകാല്‍ പൊങ്കാലമഹോത്സവത്തിന്‍റെ അവസാനഘട്ട ഒരുക്കത്തിലാണ് അനന്തപുരി. ഈ മാസം 20 നാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല നടക്കുക. 12 ന് രാത്രി 10.20 ന് കാപ്പുകെട്ടുന്നതോടെ പൊങ്കാല മഹോത്സവം ആരംഭിക്കും. ഉത്സവത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ 12 ന് ക്ഷേത്രത്തിലെത്തും

വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രണ്ടു കാപ്പുകളിലൊന്ന് ദേവിയുടെ ഉടവാളിലും മറ്റൊന്ന് മേല്‍ശാന്തിയുടെ കൈയിലും കെട്ടുന്നതാണ് കാപ്പുകെട്ടിന്‍റെ ചടങ്ങ്. ഇതിനൊപ്പം ഉത്സവത്തിന്‍റെ പ്രധാനചടങ്ങായ തോറ്റംപാട്ടും ആരംഭിക്കും. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് തോറ്റംപാട്ടിലൂടെ അവതരിപ്പിക്കുന്നത്. ദേവിയെ പാടി കുടിയിരുത്തിയാണ് കഥ തുടങ്ങുന്നത്. ഓരോ ദിവസവും പറയുന്ന കഥാഭാഗവും അതത് ദിവസത്തെ ചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ക്ഷേത്രത്തില്‍ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതതഗതിയില്‍ പൂര്‍ത്തിയാകുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തെ വൈദ്യുതീകരണം പൂര്‍ത്തിയായി. വിശാലമായ പന്തലുകളുടെ നിര്‍മ്മാണം ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. കുത്തിയോട്ടത്തിന് വ്രതം നോല്‍ക്കുന്ന ബാലന്മാര്‍ക്കുള്ള വിശ്രമസ്ഥലം ഒരുക്കിയിട്ടുണ്ട്. പോലീസിനും മറ്റ് അനുബന്ധ വകുപ്പുകളിലെ ജീവനക്കാര്‍ക്കുമുള്ള സൗകര്യവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Latest Articles