ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി സന്ദര്‍ശകര്‍. വിശാഖപട്ടണത്ത് അവസാന ഓവറിലെ അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 20ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

അവസാന ഓവറില്‍ 14 റണ്‍സാണ് ഓസീസിന് വേണ്ടിയിരുന്നത്. പന്തെറിയുന്നത് ഉമേഷ് യാദവ്. ആദ്യ പന്തില്‍ ഒരു റണ്‍. രണ്ടാം പന്ത് റിച്ചാര്‍ഡ്‌സണ്‍ ബൗണ്ടറി നേടി. മൂന്നാം പന്തില്‍ രണ്ട് റണ്‍സും നാലാം പന്തില്‍ ഒരു റണ്ണും കൂട്ടിച്ചേര്‍ത്തു. അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്നത് ആറ് റണ്‍. അഞ്ചാം പന്തില്‍ പാറ്റ് കമ്മിന്‍സ് ബൗണ്ടറി നേടി. അവസാന പന്താവട്ടെ ലോങ് ഓണിലേക്ക് തട്ടിയിട്ട് രണ്ട് റണ്‍ ഓടിയെടുക്കുകയും ചെയ്തു. അങ്ങനെ വിജയം ഓസീസിനൊപ്പമായി.