Saturday, May 18, 2024
spot_img

കിങ്സ്റ്റൺ ഓവലിൽ ഓസ്ട്രേലിയയെ നിലംപരിശാക്കി ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം

ഓവൽ: കിങ്സ്റ്റൺ ഓവലിൽ ഇന്ത്യക്ക് ലോകകപ്പിലെ തുടർച്ചയായ രണ്ടാം വിജയം. കോലിയും സംഘവും ഓസ്ട്രേലിയയെ 36 റൺസിന് തോൽപ്പിച്ചു. 353 റൺസ് എന്ന റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് നിശ്ചിത ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ഓപ്പണിങ് വിക്കറ്റിൽ തന്നെ 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസീസിന്റെ തുടക്കം ഗംഭീരമായിരുന്നു. ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ചേർന്ന് അടിത്തറ പാകുന്നതിനിടയിൽ റൺഔട്ടിന്റെ രൂപത്തിൽ നിർഭാഗ്യം വന്നു. കേദർ ജാദവും ഹാർദിക് പാണ്ഡ്യയും ചേർന്ന് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ റൺഔട്ടാക്കി. മൂന്നു ഫോറും ഒരു സിക്സും സഹിതം 35 പന്തിൽ 36 റൺസാണ് ഫിഞ്ച് നേടിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തന്നെ ഗംഭീരമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ധവാനും രോഹിതും ചേർന്ന് പടുത്തുയർത്തിയത് 127 റൺസിന്റെ കൂട്ടുകെട്ട്. 70 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 57 റൺസെടുത്ത രോഹിതിനെ പുറത്താക്കി കോൾട്ടർ നൈൽ ഓസീസിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. എന്നാൽ പിന്നീട് കോലിയെ കൂട്ടുപിടിച്ചായിരുന്നു ധവാന്റെ മുന്നേറ്റം. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 93 റൺസ് അടിച്ചു. സെഞ്ചുറിക്ക് പിന്നാലെ ധവാൻ പുറത്തായി. ലോകകപ്പിലെ മൂന്നാം സെഞ്ചുറി പൂർത്തിയാക്കിയ ധവാൻ പുറത്താകുമ്പോൾ 109 പന്തിൽ 117 റൺസ് നേടിയിരുന്നു. 16 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഈ ഇന്നിങ്സ്.

ഇതിനിടെ ഓസ്ട്രേലിയക്കെതിരേ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡ് രോഹിത് ശർമ്മ സ്വന്തമാക്കി. സച്ചിൻ, ഡെസ്മണ്ട് ഹെയ്ൻസ്, വിവിയൻ റിച്ചാർഡ് എന്നിവരാണ് രോഹിതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവർ. ടോസ് നേടിയ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Related Articles

Latest Articles