Saturday, May 18, 2024
spot_img

പാക് ബൗളർമാരെ പഞ്ഞിക്കിട്ട് ഓസീസ് ഓപ്പണർമാർ !പാകിസ്ഥാന് മുന്നിൽ 368 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഓസ്‌ട്രേലിയ

ബാംഗ്ലൂർ : ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ കൂറ്റൻ സ്‌കോറുമായി ഓസ്ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 367 റൺസാണ് അടിച്ചെടുത്തത്. കങ്കാരുക്കൾക്കായി ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും സെഞ്ചുറി നേടി. 124 പന്തുകൾ നേരിട്ട ഡ‍േവിഡ് വാര്‍ണർ 163 റൺസെടുത്തു പുറത്തായി. മിച്ചൽ മാർഷ് 108 പന്തിൽ 121 റൺസെടുത്തു.

259 റൺസാണ് ഓപ്പണിങ് സഖ്യം ഓസ്‌ട്രേലിയൻ സ്‌കോർ ബോർഡിൽ എത്തിച്ചത്. 12.3 ഓവറിൽ ഓസീസ് 100 പിന്നിട്ടു. വാർണർ 85 പന്തുകളിൽനിന്നും മാർഷ് 100 പന്തുകളിലും സെഞ്ചറി പൂർത്തിയാക്കി. ആദ്യ 30 ഓവറിൽ രംഗത്തേ ഇല്ലായിരുന്ന പാക്കിസ്ഥാനു വേണ്ടി ആദ്യ വിക്കറ്റ് വീഴ്ത്തിയത് പേസർ ഷഹീൻ ഷാ അഫ്രീദിയായിരുന്നു. മാർഷിനെ ഉസാമ മിറിന്റെ കൈകളിലെത്തിച്ച അഫ്രീദി ഗ്ലെൻ മാക്സ്‍വെല്ലിനെ പൂജ്യത്തിനു മടക്കി. ഓപ്പണിങ് സഖ്യത്തിന്റെ മികവ് മധ്യനിരയും വാലറ്റവും ആവർത്തിച്ചരുന്നെങ്കിൽ ഒരു പക്ഷെ ഓസ്‌ട്രേലിയൻ സ്‌കോർ 400 കടക്കുമായിരുന്നു. ഹാരിസ് റൗഫിന്റെ പന്തിൽ ശതാബ് ഖാൻ ക്യാച്ചെടുത്ത് ഡേവിഡ് വാർണറെ പുറത്താക്കി. മാർകസ് സ്റ്റോയ്നിസ് (24 പന്തിൽ 21), ജോഷ് ഇംഗ്ലിസ് (ഒൻപതു പന്തിൽ 13), മാർനസ് ലബുഷെയ്ൻ (12 പന്തിൽ എട്ട്), സ്റ്റീവ് സ്മിത്ത് (ഒൻപതു പന്തിൽ ഏഴ്), മിച്ചൽ സ്റ്റാർക്ക് (മൂന്ന് പന്തിൽ രണ്ട്) എന്നിവർക്ക് തിളങ്ങാനാകാതെ പോയത് തിരിച്ചടിയായി.

പാകിസ്ഥാനായി ഷഹീൻ അഫ്രീദി അഞ്ചുവിക്കറ്റും ഹാരിസ് റൗഫ് മൂന്നും ഉസാമ മിർ ഒരു വിക്കറ്റും വീഴ്ത്തി. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 11.2 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 62 റൺസ് നേടിയിട്ടുണ്ട്

Related Articles

Latest Articles