കോട്ടയം: ഓട്ടം വിളിച്ച ഓട്ടോറിക്ഷ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കത്തിച്ചു (Auto Rickshaw Burned). സംഭവത്തിൽ കാഞ്ഞിരപ്പളളി സ്വദേശി പിടിയിൽ. കോട്ടയം മെഡിക്കൽ കോളജിന് സമീപം മുടിയൂർക്കര മെൻസ് ഹോസ്റ്റലിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്.
അതേസമയം സംഭവത്തിൽ ഓട്ടോ ഡ്രൈവർ പൈക സ്വദേശി അഖിലിന് സാരമായി പരിക്കേറ്റു.
പൈകയിൽ നിന്നാണ് ഓട്ടം വിളിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുളള ഭാര്യയെ കാണാൻ പോകണമെന്ന് പറഞ്ഞായിരുന്നു യാത്ര. എന്നാൽ മുടിയൂർക്കര ജംഗ്ഷനിലെത്തിയപ്പോൾ ഹോസ്റ്റലിന് സമീപമുളള എ ടൈപ്പ് ക്വാർട്ടേഴ്‌സ് റോഡിലേക്ക് വണ്ടി വിടാൻ ആവശ്യപ്പെട്ടു.
ഇവിടെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിയതോടെ പെട്ടെന്ന് അഖിലിന്റെ കഴുത്തിൽ പിടിമുറുക്കിയ യുവാവ് അക്രമത്തിന് തുനിയുകയായിരുന്നു. കൈ തട്ടിമാറ്റി പുറത്തിറങ്ങി ഓടിയ അഖിൽ തൊട്ടടുത്ത കടയിലെത്തി വിവരം പറഞ്ഞു. പോലീസിലും അറിയിച്ചു. ഇതിനിടെ യുവാവ് ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാൾക്ക് പൊളളലേറ്റിരുന്നതിനാൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇതിനുപിന്നിലെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

