കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മരണത്തിൽ അനുസ്മരിച്ച് നടി മേഘ്ന രാജ്. അന്തരിച്ച തന്റെ ഭർത്താവ് ചിരഞ്ജീവിയും പുനീതും ഒരുമിച്ചുള്ള ചിത്രവും അനുശോചന സന്ദേശത്തോടൊപ്പം മേഘ്ന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. ദൈവത്തിന് ഇഷ്ടപ്പെട്ടവരാണ് ഇരുവരും എന്നാണ് മേഘ്ന ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
”ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു”. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്,” ചിത്രത്തിനൊപ്പം നടി കുറിച്ചു. അൺഫെയർ ഗോഡ് എന്ന ഹാഷ്ടാഗിനൊപ്പമാണ് മേഘനയുടെ കുറിപ്പ്.
കഴിഞ്ഞ ദിവസമായിരുന്നു 46 കാരനായ പുനീത് രാജ്കുമാർ മരിക്കുന്നത്. പുനീത് രാജ്കുമാറിന്റെ മരണംപോലെ അകാല മരണമായിരുന്നു ചിരഞ്ജീവി സർജയുടേതും. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലായിരുന്നു 39 വയസ്സുകാരനായ ചിരഞ്ജീവി മരിച്ചത്. ചിരഞ്ജീവി മരിക്കുമ്പോൾ മേഘ്ന നാലു മാസം ഗർഭിണിയായിരുന്നു.
ഇന്നലെ രാവിലെയാണ് പുനീത് രാജ്കുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടയിലായിരുന്നു നെഞ്ചുവേദയുണ്ടായത്. കന്നഡ സിനിമാലോകത്തിന്റെ പവർ സ്റ്റാറായി നിറഞ്ഞു നിൽക്കുന്നതിനിടെയാണ് പുനീതിന്റെ അപ്രതീക്ഷിത വിയോഗം. ആരാധകർക്കിടയിൽ അപ്പു എന്നാണ് പുനീത് അറിയപ്പെടുന്നത്. പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ് പുനീത്.

