ന്യൂഡല്‍ഹി: രക്ഷാദൗത്യത്തിന്‍റെ ഭാഗമായി 11 വിമാനങ്ങള്‍ നാളെ സര്‍വീസ് നടത്തും. യുക്രൈന്‍റെ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് 2,200-ലധികം ഇന്ത്യക്കാരെയെത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
ഇന്ന് 15 വിമാനങ്ങളിലായി 3,000-ത്തോളം ഇന്ത്യക്കാരെ തിരികെയെത്തിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 12 പ്രത്യേക യാത്രാവിമാനങ്ങളും ഇന്ത്യൻ വ്യോമസേനയുടെ 3 വിമാനങ്ങളും ഉൾപ്പെടുന്നു. യുക്രൈനിലെ റഷ്യയുടെ സൈനിക നീക്കത്തെ തുടര്‍ന്ന് ഫെബ്രുവരി 24 മുതൽ യുക്രൈന്‍ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്.
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി, സ്ലൊവാക്യ, പോളണ്ട് എന്നിവിടങ്ങളിലൂടെയാണ് തിരികെയെത്തിക്കുന്നത്.
അതേസമയം വിദേശകാര്യ മന്ത്രാലയം സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി ചേർന്നാണ് യുക്രൈൻ രക്ഷാദൗത്യം നടത്തുന്നത്. ഹർദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിങ് എന്നീ മന്ത്രിമാരാണ് രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്.

