Thursday, May 2, 2024
spot_img

കെൽട്രോണിന് കരാർ നൽകിയത് ധനവകുപ്പ് നിർദേശം കാറ്റിൽ പറത്തി ; നടന്നത് ധനവകുപ്പ് 2018 ഓഗസ്റ്റിൽ പുറത്തിറക്കിയ ഉത്തരവിന്റെ തുറന്ന ലംഘനം

തിരുവനന്തപുരം : സംസ്ഥാനത്തെ നിരത്തുകളിലുടനീളം 726 റോഡ് ക്യാമറകൾ സ്ഥാപിക്കാൻ കെൽട്രോണിന് കരാർ നൽകിയത് ധനവകുപ്പിന്റെ നിർദേശങ്ങൾ കാറ്റിൽ പറത്തി . 2018 ഓഗസ്റ്റിലെ ധനവകുപ്പിന്റെ ഉത്തരവിന് വിരുദ്ധമായാണ് കെല്‍ട്രോണിന് കരാര്‍ കൊടുത്തതും അവർ എസ്ആര്‍ഐടിക്ക് ഉപകരാര്‍ നല്‍കിയതും. ഉപകരാര്‍ നല്‍കുന്നത് ഗതാഗത വകുപ്പ് അറിയേണ്ട എന്ന വ്യവസായ വകുപ്പിന്റെ വാദം തെറ്റാണെന്ന് ഈ ഉത്തരവ് പ്രകാരം മനസിലാക്കാം.

സര്‍ക്കാര്‍ വകുപ്പുകൾക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നിബന്ധനകൾ വ്യക്തമാക്കി 2018ല്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ അക്രഡിറ്റഡ് ഏജന്‍സിക്ക് രണ്ടുതരത്തില്‍ കരാര്‍ നല്‍കാം എന്ന് പറയുന്നുണ്ട് .ഇതിൻ പ്രകാരം പ്രോജക്ട് മാനേജ്മെന്റ് കൺസൽട്ടൻസിയായി പ്രവര്‍ത്തിക്കുന്നതിനും സ്വന്തമായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും കരാർ നൽകാം. അതെസമയം അക്രഡിറ്റഡ് ഏജന്‍സിക്ക് മതിയായ വൈദഗ്ധ്യം ഉണ്ടെങ്കിലേ സ്വന്തമായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ അവർക്ക് നല്‍കാവൂ എന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നു. കരാർ നൽകുന്നതിന്‍റെ ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പിന് തന്നെയായിരിക്കും. റോഡ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് പരിചയമില്ലാത്ത കെല്‍ട്രോണിന് കരാര്‍ നല്‍കിയത് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വൻ വീഴ്ചയാണ്.

കരാറിന്റെ ഭാഗമായി നല്‍കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണം. 50 ശതമാനത്തിലേറെ ഉപകരണങ്ങൾ മൂന്നാം കക്ഷിയില്‍ നിന്നാണ് അക്രഡിറ്റഡ് ഏജന്‍സി വാങ്ങുന്നതെങ്കില്‍ അവർക്ക് കരാര്‍ നല്‍കരുത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകളിലും ഉപകരണങ്ങളിലും അഞ്ചുശതമാനം പോലും കെല്‍ട്രോണിന്‍റേതല്ല. കെല്‍ട്രോണ്‍, എസ്ആര്‍ഐടിക്ക് ഉപകരാര്‍ നല്‍കിയത് ഗതാഗത വകുപ്പിന്റെ അറിവോടെയല്ല.

മൂന്നാം കക്ഷിയില്‍നിന്നു സാധനങ്ങള്‍ വാങ്ങുന്നത് സുതാര്യമായ ബിഡിങ് വഴിയായിരിക്കണമെന്നായിരുന്നു 2018ലെ ഉത്തരവിലെ നിർദേശം. ഈ ബിഡിങ് നടപടികള്‍ ബന്ധപ്പെട്ട വകുപ്പിനും ലഭ്യമാക്കണം. പിഎംസി ആയാണ് അക്രഡിറ്റഡ് ഏജന്‍സി പ്രവര്‍ത്തിക്കുന്നതെങ്കില്‍ മൂന്നാം കക്ഷിയെ തിരഞ്ഞെടുക്കുന്നതില്‍ അന്തിമ തീരുമാനം ബന്ധപ്പെട്ട വകുപ്പാണ് എടുക്കേണ്ടത്. മൂന്നാം കക്ഷിക്ക് പണം നല്‍കുന്നത് വകുപ്പ് വഴി നേരിട്ടായിരിക്കണം. ഈ നിബന്ധനകളൊന്നും കെല്‍ട്രോണ്‍ – എസ്ആര്‍ഐടി ഉപകരാറില്‍ പാലിക്കപ്പെട്ടില്ല. ഗതാഗത വകുപ്പ് ഇക്കാര്യം അറിയണമെന്നില്ല എന്നായിരുന്നു കഴിഞ്ഞദിവസം വ്യവസായ മന്ത്രി പി.രാജീവ് നല്‍കിയ മറുപടി.

Related Articles

Latest Articles