Saturday, October 3, 2026

മകളുടെ വിവാഹ ആവശ്യത്തിന് പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ കിട്ടിയില്ല; നെയ്യാറ്റിൻകര സ്വദേശി ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം: പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നിക്ഷേപകൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം ആണ് ആത്മഹത്യ ചെയ്‌തത്‌. ഏപ്രിൽ 19 ന് വിഷം കഴിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. 55 വയസായിരുന്നു. അഞ്ചു ലക്ഷം രൂപയായിരുന്നു തോമസിന്റെ നിക്ഷേപം. മകളുടെ വിവാഹ ആവശ്യത്തിന് നിക്ഷേപിച്ചിരുന്ന തുക ലഭിക്കാത്തതിനെ തുടർന്ന് മനോവിഷമത്തിലായിരുന്നു.

വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് മാരായമുട്ടം പോലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മജിസ്‌ട്രേറ്റ് എത്തി മരണ മൊഴിയും എടുത്തിരുന്നു. സംഭവത്തെ തുടർന്ന് ബാങ്കിനെതിരെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ചെറുകിട നിക്ഷേപകരുടെ പണം പോലും തിരികെ കൊടുക്കാൻ കഴിയാത്ത പ്രതിസന്ധി കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് വ്യാപിക്കുന്നതായുള്ള പരാതികൾക്കിടയിലാണ് നിക്ഷേപകന്റെ ആത്മഹത്യ.

Related Articles

Latest Articles