Friday, September 18, 2026

ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്; പദ്ധതിയുടെ വിപുലീകരിച്ച പതിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പ്രഖ്യാപിക്കും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയോടെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിപുലീകരിച്ച പതിപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ പദ്ധതിയിലൂടെ രാജ്യത്തെ 70 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും അവരുടെ വരുമാന നില പരിഗണിക്കാതെയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ആറ് കോടിയിലധികം മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, സാധാരണ പ്രതിരോധ കുത്തിവയ്‌പ്പുകളുടെ ഇലക്ട്രോണിക് വിവരങ്ങൾ സംരക്ഷിക്കുന്നതിനായി വികസിപ്പിച്ച യു-വിൻ പോർട്ടലും നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗർഭിണികളായ സ്ത്രീകൾക്കും, ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും, 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും നൽകിയ കുത്തിവയ്‌പ്പുകളുടെ സ്ഥിരമായ ഡിജിറ്റൽ രേഖ സൂക്ഷിക്കുന്നതിനായി ഈ പോർട്ടൽ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ ഇത് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചിരിക്കുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിപുലീകരിച്ച ആയുഷ്മാൻ ഭാരത് പദ്ധതിയനുസരിച്ച്, സാമ്പത്തിക സ്ഥിതി നോക്കാതെ 70 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ആയുഷ്മാൻ കാർഡിനുള്ള അർഹത ഉണ്ടാകും. പദ്ധതിയിൽ ഉൾപ്പെട്ട ഏതെങ്കിലും ആശുപത്രിയിൽ 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ ലഭ്യമാക്കും.

Related Articles

Latest Articles