Tuesday, September 22, 2026

അസാനി ചുഴലിക്കാറ്റ്; കേരളത്തിൽ മഴ ശക്തം, നാല് ജില്ലകളിൽ യെല്ലോ അലർട്ട്, മൽസ്യബന്ധനത്തിന് വിലക്കില്ല

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക്ശേഷം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ കിട്ടാണ് സാധ്യതയുണ്ട്. അതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര ഒഡീഷ തീരങ്ങളില്‍ കനത്ത മഴയാണ്. ഇന്നലെ അവിടെ ഒരു വീടിന് മുകളിലേക്ക് മരം വീണ് രണ്ട് പേര്‍ മരിച്ചു. മച്ച്ലി തീരത്തിന് സമീപമാണ് വീടിന് മുകളിലേക്ക് മരം വീണ് ഒരു സ്ത്രീ അടക്കം രണ്ട് പേര്‍ മരിച്ചത്. റാണിപേട്ട് നദിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേരെ കാണാതായി. ഗന്‍ജം തുറമുഖത്തോട് ചേര്‍ന്ന് 11 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം മറിഞ്ഞു. 7 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചു. കൂടാതെ ഒഴുക്കില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ അടക്കം ഏഴ് പേരെ കാണാതായി. നിലവിൽ ആന്ധ്രയില്‍ ഏഴ് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

അതേസമയം, അതീതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് തീവ്ര ചുഴലിക്കാറ്റായി അസാനിയുടെ ശക്തികുറഞ്ഞെങ്കിലും തീരമേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രയുടെ വടക്കന്‍ തീരമേഖലയിലും കൃഷ്ണ ഗുണ്ടൂര്‍ ഗോദാവരി ജില്ലകളിലുമാണ് മഴ ശക്തമായിരിക്കുന്നത്.

Related Articles

Latest Articles