Monday, April 29, 2024
spot_img

ഭക്തർക്ക് വിസ്മയമായിരുന്ന ക്ഷേത്രക്കുളത്തിലെ മുതല ബബിയയ്ക്ക് അതേ കുളത്തിൽ പിൻഗാമി! ബബിയയുടെ വേർപാടിന് ഒരു വർഷം തികയുമ്പോൾ മറ്റൊരു മുതലെയെ കണ്ടെത്തി! അത്ഭുതമായി മഞ്ചേശ്വരം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം

കേരളത്തിലെ ഏക തടാകക്ഷേത്രമെന്ന നിലയിലും തിരുവനന്തപുരം പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും ഏറെ പ്രസിദ്ധമാണ് കാസർഗോഡ് മഞ്ചേശ്വരം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം. ക്ഷേത്രത്തിനൊപ്പം ക്ഷേത്ര തടാകത്തിൽ വസിച്ചിരുന്ന ബബിയ എന്ന മുതലയും ഏറെ പ്രസിദ്ധമായിരുന്നു. പൂജാരി വിളിച്ചാൽ വെള്ളത്തിൽ നിന്ന് പൊങ്ങിവന്ന് നിവേദ്യച്ചോർ കഴിക്കുന്ന ബബിയ
പൂർണ്ണമായും സസ്യാഹാരിയായ മുതലയായിരുന്നു. രാവിലെയും ഉച്ചയ്‌ക്കുമുള്ള പൂജകൾക്ക് ശേഷം നൽകുന്ന നിവേദ്യമായിരുന്നു ബബിയയുടെ ആഹാരം. പൂജയ്‌ക്ക് ശേഷം നിവേദ്യം പൂജാരി കുളത്തിലെത്തി ബബിയക്ക് നൽകുന്നതായിരുന്നു പതിവ്. സാധാരണ മുതലകളെ പോലെയുള്ള അക്രമസ്വഭാവം കാണിക്കാത്ത ബബിയ കുളത്തിലെ മറ്റ് മത്സ്യങ്ങളെ ഉപദ്രവിക്കാറില്ലായിരുന്നു.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബബിയ ഇഹലോകവാസം വെടിഞ്ഞത്. മരണപ്പെടുമ്പോൾ ബേബിയക്ക് 77 വയസ് പ്രായമുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്.

എന്നാൽ ഏവരെയും അമ്പരിപ്പിച്ച് കൊണ്ട് ബാബിയയുടെ വിയോഗം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ മറ്റൊരു മുതല തടാകത്തിൽ എത്തി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് കുളത്തിൽ മുതലയെ കണ്ടെത്തിയതായി ആദ്യം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത് . ക്ഷേത്രം ജീവനക്കാരും ഭാരവാഹികളും ചേർന്ന് തിരച്ചിൽ നടത്തിയപ്പോൾ മുതലയെ കണ്ടെത്താത്തതിനെ തുടർന്ന് ഇത് വ്യാജ പ്രചരണമാകാം എന്നാണ് ആദ്യം കരുതിയത് . എന്നാൽ വീണ്ടും നടത്തിയ പരിശോധനയിൽ കുളത്തിനുള്ളിലെ മടയിൽ മുതലയെ കണ്ടെത്തുകയായിരുന്നു. മുൻപ് ബബിയയും ഈ മടയിലാണ് കഴിഞ്ഞിരുന്നത് .

കാസർഗോഡ് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെ കുമ്പളയ്ക്കു സമീപമാണ് തടാകക്ഷേത്രം. ക്ഷേത്രത്തിലേക്കു പാലമുണ്ട്.ബ്രിട്ടീഷ് ഭരണകാലത്ത് ഒരു ബ്രിട്ടീഷ് സൈനികൻ ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയെ വെടിവച്ചു കൊന്നെന്നും രണ്ടാം ദിവസം മുതല വീണ്ടും പ്രത്യക്ഷപ്പെട്ടെന്നുമാണ് ബബിയ മുതലയെക്കുറിച്ചുള്ള ഐതിഹ്യം. ബബിയയുടെ മൃതജദേഹം പൊതുദർശനത്തിന് വച്ചപ്പോൾ നിരവധി പേരാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്.

മഞ്ചേശ്വരം അനന്തപുരം മഹാവിഷ്ണു ക്ഷേത്ര ഐതിഹ്യം

ക്ഷേത്രത്തിൽ ഉപാസിച്ചിരുന്ന വില്വമംഗലം സ്വാമിയെ സഹായിക്കാൻ ഊരും പേരും അറിയാത്ത ഒരു ബാലൻ എത്തി. ഒരിക്കൽ സ്വാമി പൂജ ചെയ്യുമ്പോൾ ബാലൻ പൂജാസാധനങ്ങളെടുത്ത് കുസൃതി കാണിച്ചു. ബാലനെ സ്വാമി തള്ളിമാറ്റി. ബാലൻ ദൂരേക്കു തെറിച്ചുവീണിടത്ത് ഒരു ഗുഹ പ്രത്യക്ഷപ്പെട്ടു. ബാലന്റെ ദിവ്യത്വം മനസിലായ സ്വാമി പിറകേ പോകുകയും ഇന്നത്തെ തിരുവനന്തപുരത്ത് എത്തുകയും ചെയ്തു. അപ്പോൾ ബാലൻ ഭഗവാനായി പ്രത്യക്ഷപ്പെട്ടു. ഭഗവാൻ വിശ്രമിക്കാൻ ഒരുങ്ങിയപ്പോൾ ഒരു സർപ്പം പ്രത്യക്ഷപ്പെട്ട് തന്റെ മുകളിൽ കിടക്കാൻ അപേക്ഷിച്ചു. അങ്ങനെയാണ് പ്രതിഷ്ഠ അനന്തശയനം ആയത് എന്നാണ് ഐതിഹ്യം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെ നീളുന്നതായി കരുതുന്ന ഒരു ഗുഹയുടെ മുഖം തടാക ക്ഷേത്രത്തിനു സമീപം ഇപ്പോഴും കാണാനാകും.

Related Articles

Latest Articles