Thursday, May 16, 2024
spot_img

ഹോട്ടലില്‍ മുറിയെടുത്തത് ദമ്പതികളെന്ന പേരില്‍: കുഞ്ഞിന്‍റെ പിതൃത്വത്തെ ചൊല്ലി വാക്കുതര്‍ക്കം; കൊലപ്പെടുത്തുമ്പോള്‍ ബിനോയ് ഒറ്റയ്ക്ക് ;കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

കൊച്ചി: കലൂരില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തു വരുന്നതു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്സിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അമ്മൂമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയെ കൊലപ്പെടുത്തിയ കേസിലാണ് പള്ളുരുത്തി സ്വദേശിയായ ജോൺ ബിനോയ് ഡിക്രൂസിനെ പൊലീസ് പിടികൂടിയത്.

അതേസമയം കുഞ്ഞിന്റെ അമ്മ ജോലി സംബന്ധമായ ആവശ്യവുമായി വിദേശത്താണ്. സ്ത്രീയുടെ മകന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. മരണം സംഭവിക്കുന്നത് ഈ കുഞ്ഞിന്റെയും ഒപ്പമുണ്ടായിരുന്ന അഞ്ചുവയസുള്ള കുഞ്ഞിന്റെയും സംരക്ഷണ സംബന്ധിച്ച കേസ് ചൈല്‍ഡ് ആന്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെ. ഈ കുഞ്ഞിന്റെ മാതാവ് അങ്കമാലി സ്വദേശിനി മൂന്നു മാസം മുമ്പാണ് വിദേശത്തു പോയത്.

മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ സ്ത്രീയാണ് പരിചരിച്ചിരുന്നത്. ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. കൂടാതെ ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു. ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച് പൊലീസിന് മൊഴിനല്‍കി.

എന്നാൽ കുഞ്ഞു മരിക്കുമ്പോള്‍ മുത്തശ്ശി മുറിയിലുണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഇവരെ ജോണ്‍ ബിനോയ് അറിയിച്ചത് കുഞ്ഞു പാലുകുടിച്ചപ്പോള്‍ നെറുകയില്‍ പോയി അബോധാവസ്ഥയിലായി എന്നായിരുന്നു. രാത്രി ഒന്നരയോടെ ഹോട്ടല്‍ മുറിയിലേയ്ക്ക് എത്തിയ ഇവര്‍ ജീവനക്കാരോടു കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് അകത്തേയ്ക്കു പോയത്. തിരികെ വരുമ്പോള്‍ തോളില്‍ അബോധാവസ്ഥയില്‍ കുഞ്ഞുണ്ടായിരുന്നു.

ഉടനെ ആശുപത്രിയില്‍ എത്തിച്ചു പറഞ്ഞതും ഇതു തന്നെയായിരുന്നു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ എത്തിയത്. കുഞ്ഞിന്റെ മരണം സ്വാഭാവികമാണ് എന്നായിരുന്നു ആശുപത്രി അധികൃതരും കരുതിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം മക്കളെ നോക്കാത്തതിനാൽ ഭർത്താവിന് പണം അയച്ചു കൊടുക്കുന്നത് നിർത്തിയിരുന്നെന്ന് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ അമ്മ ഡിക്സി. മാത്രമല്ല കുഞ്ഞിനെയും കൊണ്ട് അമ്മായിഅമ്മ ഹോട്ടലുകളില്‍ പോയിരുന്നതായും ഡിക്സി പറഞ്ഞു. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്സിക്കൊപ്പം വിട്ടയച്ചു. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

Related Articles

Latest Articles