ദില്ലി :കേരളത്തിലേക്ക് പോകുമ്പോൾ അകമ്പടി വരുന്ന പോലീസുകാരുടെ എണ്ണവും ചെലവും വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മഅദനി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മഅദനിയുടെ ഹര്‍ജി തള്ളിയത്. അകമ്പടി സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊളളുന്ന തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയും അകമ്പടിയുമൊരുക്കുന്നതിനായി 56.63 ലക്ഷം രൂപ വേണമെന്നായിരുന്നു കര്‍ണാടക പോലീസിന്റെ ആവശശ്യം. ബെംഗളൂരുവില്‍ തനിക്ക് ഒരു പോലീസുകാരനാണ് അകമ്പടിയായി വരുന്നതെന്നും എന്നാൽ കേരളത്തിലേക്ക് പോകുമ്പോള്‍ ഇരുപത് പോലീസുകാര്‍ അകമ്പടിയായി ഒപ്പം ഉണ്ടാകുമെന്നാണ് പറയുന്നതെന്നും മഅദനിക്കായി ഹാജരായ അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടിയിരുന്നു.
അകമ്പടിക്ക് വരുന്ന പോലീസുകാരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് സുരക്ഷയ്ക്കായി വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് ഈടാക്കുന്ന തുകയാണെന്ന് മഅദനിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
എന്നാൽ സുരക്ഷ ഭീഷണിയും റിസ്‌കും പരിശോധിച്ച ശേഷമാണ് തുക കണക്കാക്കിയതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 2018-നെക്കാള്‍ സുരക്ഷയ്ക്ക് ചെലവ് വർധിച്ചിട്ടുണ്ട്. അതിനാലാണ് മുമ്പ് മഅദനി കേരളത്തിലേക്ക് പോയപ്പോള്‍ ഈടാക്കിയതിനെക്കാളും കൂടിയ തുക ഇപ്പോൾ ഈടാക്കുന്നത്. അതേസമയം ഒരു സമയം ആറ് പോലീസുകാരുടെ സുരക്ഷ മാത്രമേ മഅദനിക്ക് ഉണ്ടാകുകയുള്ളുവെന്നും മൂന്ന് ഷിഫ്റ്റ് ആയിട്ടാണ് സുരക്ഷാ പോലീസുകാര്‍ പ്രവര്‍ത്തിക്കുകയെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

