Friday, March 29, 2024
spot_img

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ മൂന്ന് എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ; ഇനിയും പിടിയിലാകാൻ പ്രതികൾ ബാക്കി

കോഴിക്കോട്: ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ്‍ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവർക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. അതേസമയം, മര്‍ദ്ദനമേറ്റ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്ത് വന്നതോടെ എഫ്ഐആറില്‍ മാറ്റം വരുത്തി കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് പൊലീസ്. പ്രതികൾക്കെതിരെ വധശ്രമത്തിന് കൂടി കേസ്സെടുത്തു. എന്നാല്‍, ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാൻ ശ്രമിച്ച ജില്ലാ നേതാവ് സഫീർ ഉൾപ്പെടെ ഇനിയും കേസിൽ പിടിയിലാകാൻ ബാക്കിയുണ്ട്.

ബാലുശ്ശേരിയിൽ ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്ത് വന്നത്. കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളായിരുന്ന നേരത്തെ എഫ്ഐആറില്‍ ഉണ്ടായിരുന്നത്. പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കൂടുതല്‍ ശക്തമായ വകുപ്പ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തി. മുന്നൂറ്റി ഏഴാം വകുപ്പ് പ്രകാരം വധശ്രമം കൂടി ഉള്‍പ്പെടുത്തി എഫ്ഐആര്‍ പുതുക്കി. എസ്‍ഡിപിഐക്ക് സംഭവത്തില്‍ പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്‍ഡിപിഐ ജില്ലാ നേതാവ് സഫീര്‍ ഉള്‍പ്പെടയുള്ളവര്‍ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. വെള്ളത്തില്‍ മുക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫ്ലക്സ് കീറിയതായി തന്നെ കൊണ്ട് സമ്മതിപ്പിച്ചതെന്നാണ് ജിഷ്ണുവിന്‍റെ മൊഴി. ഇത് ശരിവെക്കുന്നതാണ് ഇന്നലെ പുറത്ത് വന്ന ദൃശ്യം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിഷ്ണു ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലാണ്.n

Related Articles

Latest Articles