Sunday, October 4, 2026

കോവിഡ് വ്യാപനം: തിരുവനന്തപുരത്ത് പൊതുപരിപാടികൾക്ക് വിലക്ക്; ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയില്‍ പൊതു യോഗങ്ങളും മറ്റ് ഒത്ത് ചേരലുകളും നിരോധിച്ചുകൊണ്ട് കളക്ടര്‍ ഉത്തരവിറക്കി.

അതേസമയം നേരത്തെ നിശ്ചയിച്ച പരിപാടികൾ ആണെങ്കിലും മാറ്റി വയ്ക്കണമെന്ന് കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ജില്ലയില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മൂന്ന് ദിവസത്തെ ടിപിആർ 30 ന് മുകളിലായതിനാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ കൂ​ട്ടം കൂ​ട​ലു​ക​ള്‍ ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ചു. വിവാഹ, മരണാന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും വിവരം പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കല്‍ ഓഫിസറെ അറിയിക്കണമെന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

മാ​ളു​ക​ളി​ല്‍ 25 സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ല്‍ ഒ​രാ​ള്‍ എ​ന്ന ക​ണ​ക്കി​ല്‍ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വു എ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണം.

Related Articles

Latest Articles