Monday, April 29, 2024
spot_img

ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കും !കളക്ടറുടെ നേതൃത്വത്തിൽ ദൗത്യസംഘം രൂപീകരിച്ചു

തിരുവനന്തപുരം : ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർക്കാർ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക ടീമിനെ നിയോഗിക്കുന്നതു സംബന്ധിച്ചു ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടിയിരുന്നു. ഇതനുസരിച്ചാണ് ഉത്തരവിറക്കിയത്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സബ് കളക്ടർ, റവന്യൂ ഡിവിഷനൽ ഓഫിസർ, കാർഡമം അസി.കമ്മിഷണർ എന്നിവരെ ഉൾപ്പെടുത്തിയാണു ടീം രൂപീകരിച്ചത്. ദൗത്യസംഘത്തിന്റെ പ്രതിവാര പുരോഗതി വിലയിരുത്താൻ ജോയിന്റ് കമ്മിഷണറെ ചുമതലപ്പെടുത്തി. ഭൂസംരക്ഷണ കേസുകൾ കൈകാര്യം ചെയ്യാൻ തഹസിൽദാർക്കു (ഭൂരേഖ) പുറമേ തഹസിൽദാർമാരെ ചുമതലപ്പെടുത്തി. ദൗത്യസംഘത്തിനു റജിസ്ട്രേഷൻ, വനം, മരാമത്ത്, തദ്ദേശ വകുപ്പുകൾ സഹായം നൽകണം. ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

അതെ സമയം മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടു ദിവസത്തിനകം പുതിയ ദൗത്യസംഘത്തിനു രൂപം നൽകി ഉത്തരവിറക്കുമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് രംഗത്ത് വന്നിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാൻ അനുവദിക്കില്ലെന്നും കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് കോടതി നിർദേശിച്ചതെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്നാറിൽ ദൗത്യസംഘം അനിവാര്യമല്ലെന്നുമാണ് സി.വി.വര്‍ഗീസ് അഭിപ്രായപ്പെട്ടത്.

മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയതായും അതിൽ 70 കേസുകളിൽ അപ്പീൽ നിലവിലുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. അപ്പീലുകളിൽ ജില്ലാ കലക്ടർ രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കും. ശേഷിക്കുന്ന കേസുകളിൽ കയ്യേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ദൗത്യസംഘത്തിന്റെ ചുമതലയെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വീട് നിർമിക്കാൻ ഒരു സെന്റിൽ താഴെ ഭൂമി മാത്രമാണ് കയ്യേറിയിട്ടുള്ളതെങ്കിൽ അതിനു പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles