സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ആസാം ഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുമായി ബന്ധപ്പെട്ട 426 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് 78കാരനായ ആസാം ഖാന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റിലാകുമ്പോൾ അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ രേഖാമൂലം കൈമാറുന്നതിൽ ഇഡി വീഴ്ച വരുത്തിയെന്ന നിരീക്ഷണത്തോടെയായിരുന്നു കോടതിയുടെ നടപടി. ഒക്ടോബർ 31ന് റാംപൂർ ജില്ലാ ജയിലിൽ മറ്റൊരു കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ജയിൽ കവാടത്തിൽവെച്ചാണ് ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഈ നടപടിയുടെ സാഹചര്യങ്ങൾ സംശയാസ്പദമാണെന്നും നടപടികൾക്ക് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നുമായിരുന്നു ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണം.
അറസ്റ്റ് മെമ്മോയും അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങളും റിമാൻഡിന് മുമ്പ് രേഖാമൂലം നൽകിയില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. രേഖകൾ കൈമാറാൻ ശ്രമിച്ചപ്പോൾ ആസാം ഖാൻ സ്വീകരിക്കാൻ വിസമ്മതിച്ചെന്നാണ് ഇഡിയുടെ വാദം. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഇഡിക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ച കോടതി, ആസാം ഖാന് മറുപടി നൽകാൻ പത്ത് ദിവസവും അനുവദിച്ചിട്ടുണ്ട്. ഡിസംബർ 10നാണ് കേസ് വീണ്ടും പരിഗണിക്കുക. അതേസമയം, മകൻ അബ്ദുള്ള ആസാം ഖാന്റെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ആസാം ഖാന്റെ ശിക്ഷാവിധി സ്റ്റേ ചെയ്ത അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ ഉത്തർപ്രദേശ് സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളിയതും ഒരേ ദിവസത്തെ മറ്റൊരു നിർണായക സംഭവമായി.

