ദില്ലി : ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച കാര്യങ്ങളിൽ പുതിയ ഉപാധികളുമായി ബംഗ്ലാദേശ് സർക്കാർ രംഗത്ത്. ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനൽകിയാൽ മാത്രമേ സന്ദർശനവുമായി മുന്നോട്ടുപോകാൻ സാധിക്കൂ എന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. നയപരമായ ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തെയും സന്ദർശന തീരുമാനങ്ങളെയും ബാധിക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
കഴിഞ്ഞ കുറേ ആഴ്ചകളായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നു. എന്നാൽ ദില്ലിയിൽ വെച്ച് ഷെയ്ഖ് ഹസീന നടത്തിയ പരസ്യമായ മാദ്ധ്യമ ചർച്ചയും പ്രസ്താവനകളും സന്ദർശന അന്തരീക്ഷത്തെ പ്രതികൂലമായി ബാധിച്ചതായി ബംഗ്ലാദേശ് വിദേശകാര്യ വക്താവ് എ.കെ.എം. ഷാഹിദുൽ കരീം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാറിന്റെ അടിസ്ഥാനത്തിൽ ഷെയ്ഖ് ഹസീനയെ എത്രയും പെട്ടെന്ന് കൈമാറണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
എന്നാൽ ഷെയ്ഖ് ഹസീനയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് നയതന്ത്ര തലത്തിലല്ല, മറിച്ച് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലൂടെ മാത്രമായിരിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ സമ്മർദങ്ങൾക്കോ നയതന്ത്ര തന്ത്രങ്ങൾക്കോ വഴങ്ങി ഷെയ്ഖ് ഹസീനയെ വിട്ടുനൽകില്ലെന്ന് കേന്ദ്രം ആവർത്തിച്ചു. ബംഗ്ലാദേശ് ഭരണകൂടം ഔദ്യോഗികമായി കൈമാറ്റ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും, നിലവിലുള്ള നിയമപരമായ ചട്ടക്കൂടുകൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ ഇക്കാര്യത്തിൽ മുന്നോട്ട് പോകാൻ സാധിക്കൂ എന്ന് മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
2013-ലെ ഉഭയകക്ഷി കൈമാറ്റ കരാറിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശിന്റെ അപേക്ഷ ലഭിച്ചിട്ടുള്ളത്. ഹസീനയ്ക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങൾ ഇന്ത്യൻ നിയമപ്രകാരവും കുറ്റകരമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബംഗ്ലാദേശിലെ ട്രൈബ്യൂണൽ കോടതി വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യൻ കോടതികളുടെ പരിശോധനയ്ക്ക് വിധേയമാകും. അതേസമയം, നയതന്ത്ര സമ്മർദ്ദങ്ങൾക്കിടയിലും ഡിസംബറിൽ താൻ തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ഷെയ്ഖ് ഹസീന വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ എക്സ്ട്രാഡിഷൻ ആക്ട് പ്രകാരമുള്ള മജിസ്ട്രേറ്റ് അന്വേഷണവും കോടതി നടപടികളും പൂർത്തിയായ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

