കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർ സിസാ തോമസിനെതിരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ കയ്യേറ്റശ്രമത്തിലും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലും നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. മെബിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് വിസിക്കെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വാഹനം ആക്രമിച്ചതിനും പുറമെ തന്നെ വ്യക്തിപരമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും കാണിച്ച് വിസി സിസാ തോമസ് നൽകിയ ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി കർശനമാക്കിയത്. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി സംഭവത്തിൽ പോലീസ് നാലു പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ സിസാ തോമസിന്റെ പരാതിയിലും ഇവർക്കെതിരേ നടപടി എടുത്തു

