ദില്ലി: വായ്പ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവർ 18,000 കോടി രൂപ ബാങ്കുകള്‍ക്ക് തിരികെ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
മാത്രമല്ല സുപ്രീം കോടതി പരിഗണനയിലുള്ള കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നതിന് 67,000 കോടി രൂപയാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
അതേസമയം കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നിലവില്‍ 4,700 കേസുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ 5 വർഷങ്ങളിൽ ഓരോ വർഷവും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. 2015-16 ലെ 111 കേസുകളിൽ നിന്ന് 2020-21 ൽ 981 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ നടത്തുന്ന അന്വേഷണം, വസ്തുക്കളും ആസ്തികളും കണ്ടുകെട്ടല്‍ എന്നിവയിലെ അധികാരം സംബന്ധിച്ച വിവിധ കേസ്സുകള്‍ പരിഗണിക്കവെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഈ കണക്കുകള്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചത്. ഇതേതുടർന്ന് എം. ശിവശങ്കര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

