അമേഠി: ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ തെരുവു കന്നുകാലികളുടെ സംരക്ഷണം ഏറ്റെടുക്കുന്ന കര്‍ഷകര്‍ക്ക് മാസംതോറും 900-1000 രൂപ പ്രതിഫലം നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം അലഞ്ഞുതിരിയുന്ന കന്നുകാലികളില്‍ നിന്ന് കര്‍ഷകരുടെ കൃഷിപാടങ്ങള്‍ സംരക്ഷിക്കുമെന്നും യോഗി വ്യക്തമാക്കി.
സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കി. ഇനി ഗോമാതാവിനെ കശാപ്പുചെയ്യാന്‍ അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഞ്ച് ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

