Sunday, May 5, 2024
spot_img

വാഹനത്തിന്റെ ബാറ്ററികൾ കവർന്നു; പ്രതികളെ സാഹസികമായി കീഴടക്കി പോലീസ്, മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: എല്‍ഐസി ഓഫീസിന് സമീപം സൂക്ഷിച്ചിരുന്ന റിക്കവറി വാഹനത്തിലെ ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പത്തിയൂർ ദാറുൽ ഈസ വീട്ടിൽ നൗഷാദിന്റെ വാഹനത്തിന്റെ ബാറ്ററിയാണ് മോഷണം പോയത്. പെരിങ്ങാല, ബിജു ഭവനത്തില്‍ അനി എന്ന് വിളിക്കുന്ന ബിജു (48), കീരിക്കാട് കുളങ്ങരേത്ത് പുതുവൽ വീട്ടിൽ പള്ളി എന്ന് വിളിക്കുന്ന ഹസ്സൻ കുഞ്ഞ് (57), കീരിക്കാട് തയ്യിൽ വടക്കതിൽ വീട്ടിൽ നസീർ (42) എന്നിവരാണ് പോലീസിന്റെ വലയിലായത്.

കായംകുളം സി ഐ മുഹമ്മദ് ഷാഫിക്ക് കിട്ടിയ ഒരു രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ എസ് ഐ മാരായ ഉദയകുമാർ, ശ്രീകുമാർ, എ എസ് ഐ നവീൻ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ബിനുമോൻ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വീടുകളിലേക്ക് വാഹനം കയറ്റാൻ സൗകര്യമില്ലാത്തവരും രാത്രി കാലങ്ങളിൽ വണ്ടി ഓടിക്കുന്നവരും വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് മോഷണം നടക്കുന്നത്. പോലീസിൽ പരാതി നൽകിയിട്ടും മോഷണം തുടരുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

Related Articles

Latest Articles