പുനീത് സാഗർ അഭിയാന്റെ ഭാഗമായി വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ ബീച്ച് ക്ലീൻഷിപ്പ് പ്രോഗ്രാം ഇന്ന് സംഘടിപ്പിച്ചു. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനമായ സെപ്തംബർ 17-ന് മുന്നോടിയായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ICC-2022-ന്റെ പ്രഖ്യാപിത തീം “സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ” എന്നതാണ്. ഗ്രോവ് ബീച്ചിൽ ഇന്ന് സംഘടിപ്പിച്ച ഈ ശുചീകരണ യജ്ഞത്തിൽ വിഴിഞ്ഞം തീരസംരക്ഷണ സേനയിലെ എല്ലാ ഉദ്യോഗസ്ഥരും കമാൻഡിന്റെ കീഴിലുള്ള എല്ലാ യൂണിറ്റുകളും സജീവമായി പങ്കെടുത്തു. 500 കിലോ പ്ലാസ്റ്റിക്കും മറ്റ് ജീർണിക്കാത്ത മാലിന്യങ്ങളും ഈ പ്രവർത്തനത്തിൽ ശേഖരിച്ചു.
കടൽത്തീരങ്ങൾ, ബീച്ചുകൾ, നദികൾ, തടാകങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ജലസ്രോതസ്സുകളിൽ നിന്നും പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാനും ബീച്ചുകളും നദീമുഖങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രദേശവാസികളിൽ അവബോധം വർദ്ധിപ്പിക്കാനുമാണ് പുനീത് സാഗർ അഭിയാൻ ആരംഭിച്ചത്.

