തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണത്തിന് അഡ്വാൻസ് നൽകുമെന്ന് പ്രഖ്യാപിച്ച് കെഎസ്ആർടിസി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർ കം കണ്ടക്ടർമാർക്ക് 3000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. സെപ്തംബർ ആദ്യ വാര പണം വിതരണം ചെയ്യും. ഈ തുക പിന്നീട് ശമ്പളത്തിൽ നിന്ന് തിരിച്ചു പിടിക്കും. ഒക്ടോബറിലെ ശമ്പളം മുതൽ 5 തുല്യ ഗഡുക്കളായാകും ഈ തുക തിരിച്ചു പിടിക്കുക എന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
ഈ വർഷം ജൂലൈ 31നോ അതിന് മുമ്പോ ജോയിൻ ചെയ്തവർക്കാണ് ഓണം അഡ്വാൻസ് നൽകുക എന്നും സ്വിഫ്റ്റ് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മാസവും കൃത്യമായി ഡ്യൂട്ടി നിർവഹിച്ചവർക്കേ അഡ്വാൻസ് തുക നൽകൂ. ഓണം അഡ്വാൻസ് ആവശ്യമുള്ളവർ സത്യവാങ്മൂലം ഒപ്പിട്ട് ഈ മാസം 31ന് മുമ്പ് swift.onamadvance@gmail.com എന്ന വിലാസത്തിൽ അയക്കണമെന്നതാണ് നിർദേശം. അഡ്വാൻസായി നൽകുന്ന തുക തുല്യ ഗഡുക്കളാക്കി തിരിച്ചു പിടിക്കാൻ അനുമതി നൽകുന്നതാണ് സത്യവാങ്മൂലം.

