ഓണനാളുകളുടെ വരവറിയിച്ച് മലയാളികൾക്ക് ഇന്ന് അത്തം. ഇന്ന് മുതൽ പത്താം നാൾ തിരുവോണമാണ്. ഓണാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഇന്ന് മുതൽ പൊടിപൊടിക്കും. ചരിത്രപ്രസിദ്ധമായ അത്തം ഘോഷയാത്രയും ഇന്നാണ്. മലയാളികൾക്ക് പ്രത്യേകിച്ചും തൃപ്പൂണിത്തുറക്കാർക്ക് ഗൃഹാതുരത്വമുണർത്തുന്ന മധുര സ്മരണയാണ് അത്താഘോഷം. മലയാളിയുടെ പൊന്നോണത്തിന്റെ കേളികൊട്ടായ അത്താഘോഷം മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും നടക്കുമ്പോൾ, ജനക്ഷേമ തൽപ്പരരായി നാടു ഭരിച്ചിരുന്ന കൊച്ചി രാജാക്കന്മാരെ സ്മരിക്കുവാനുള്ള ഒരു ദിനമായിട്ടാണ് തൃപ്പൂണിത്തുറ നിവാസികൾ അത്താഘോഷത്തെ കാണുന്നത്. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കമാകും. തൃപ്പുണിത്തുറ അത്തം ഘോഷയാത്ര തുടങ്ങുന്നതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും.
വിപുലമായ പരിപാടികളോടെയാണ് ഇക്കുറി അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അദ്ധ്യക്ഷനാകും.തെയ്യം, തിറ, കഥകളി തുടങ്ങി വിവിധ കലാരൂപങ്ങളും 60 ഓളം നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. രാജകുടുംബത്തിലെ പ്രതിനിധികളുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയ അത്ത പതാക രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ ഉയർത്തുന്നതോടെ ആണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങുന്ന ഘോഷയാത്ര ബസ് സ്റ്റാൻഡ്, സ്റ്റാച്യു ജംക്ഷൻ, എസ്എൻ ജംക്ഷൻ, ശ്രീപൂർണത്രയീശ ക്ഷേത്രം, സ്റ്റാച്യു ജംക്ഷൻ വഴി ബോയ്‌സ് ഹൈസ്‌കൂൾ എത്തിച്ചേരും.തൃപ്പൂണിത്തുറ സ്കൂൾ മൈതാനത്ത് ഉയർത്തുന്ന പതാക ഒൻപതാംനാൾ ഉത്രാട ദിവസം തൃക്കാക്കര നഗരസഭക്ക് കൈമാറും.

