കൊച്ചി: മുന്‍ ഡിജിപിയും ഇപ്പോൾ കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയിലാണെന്ന വാര്‍ത്തകള്‍ തള്ളി കെഎംആര്‍എല്‍. ബെഹ്‌റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് കെഎംആര്‍എല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്.
ഒക്‌ടോബര്‍ ഒന്ന് മുതല്‍ നാലു വരെ കട്ടക്കില്‍ നടക്കുന്ന ഒഡീഷ അട്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ അഭിമുഖ പാനലിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതിന് പോവുകയാണെന്നും കെഎംആര്‍എല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബെഹ്‌റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും മോണ്‍സന്റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ ‘ബീറ്റ് ബുക്ക്’ മോണ്‍സന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചത് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന വിവരവും പുറത്തുവന്നത്. എന്നാല്‍ ഇതിനോട് അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.
കോടികള്‍ തട്ടിയ മോണ്‍സന്‍ മാവുങ്കലിന് ബെഹ്റ അടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന ആരോപണം ഉയർന്നതോടെ ലോക്‌നാഥ് ബെഹ്‌റ മൂന്ന് ദിവസമായി ഓഫീസില്‍ വരുന്നില്ലെന്നും അവധിയിലാണെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കിയിരുന്ന വിവരം. എന്നാല്‍ വൈകുന്നേരത്തോടെ ഇത് തിരുത്തിയാണ് കെ.എം.ആര്‍.എല്‍ വാര്‍ത്താക്കുറിപ്പിറക്കിയത്.

