Monday, April 29, 2024
spot_img

പതിനൊന്നാം ദിനത്തിലും ലക്ഷ്യം കാണാതെ ബേലൂര്‍ മഖ്ന മിഷൻ ! ആനയെ പിടികൂടുന്ന കാര്യത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കേരളം,കർണാടക,തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ഹൈക്കോടതി നിർദേശം

കൊച്ചി : കൊലയാളി മോഴയാന ബേലൂർ മഖ്നയെ പിടിക്കാനുള്ള വനംവകുപ്പിന്‍റെ ദൗത്യം പതിനൊന്നാം ദിനത്തിലും തുടരുന്നതിനിടെ ആനയെ പിടികൂടുന്ന കാര്യത്തിൽ ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശിച്ചു. കേരളം,കർണാടക,തമിഴ്നാട് സംസ്ഥാനങ്ങൾക്കാണ് കോടതി നിർദേശം നൽകിയത്. നിലവിൽ ആനയുടെ സഞ്ചാരം അതിർത്തികൾ വഴി ആയതിനാൽ സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം.

ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേരുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. വേനൽ കടുത്തതിനാൽ വനത്തിൽ നിന്നും മൃഗങ്ങൾ പുറത്ത് വരാൻ സാധ്യത കൂടുതലാണെന്നും ഇത് തടയാൻ എവിടെയൊക്കേ കൃത്രിമ ജലാശയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈൽഡ് ലൈഫ് വാർഡന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം കേരള അതിർത്തി കടന്ന ആനകർണാടക കാടുകളിൽ തുടരുന്നതിനാൽ മയക്കുവെടി ദൗത്യം അനിശ്ചിതത്തിലായിരിക്കുകയാണ്. ഇന്നലെ പുലർച്ചെ മരക്കടവ് ഭാഗത്ത് വന്ന് മടങ്ങിയ ബേലൂർ മഖ്ന പിന്നെ കേരള അതിർത്തി കടന്നില്ല. റേഡിയോ കോളറിൽ നിന്നുള്ള അവസാന സിഗ്നൽ പ്രകാരം ആന കേരളത്തിൽ നിന്ന് 4 കിലോമീറ്റർ അകലെ കാട്ടിലാണ്.

ഇതിനിടെ ബേലൂർ മഖ്ന കേരളത്തിലെ ജനവാസ മേഖലയിലേക്ക് വരുന്നത് തടയാൻ ബാവലി ചെക്പോസ്റ്റ് കടന്ന ദൗത്യ സംഘത്തെ കർണാടക സംഘം തടഞ്ഞു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ആണ് സംഭവം. ബേഗൂർ റേഞ്ച് ഓഫീസർ അടക്കമുള്ളവരെയാണ് തടഞ്ഞത്.

Related Articles

Latest Articles