Friday, November 13, 2026

ഒളിച്ചുകളിച്ച് ബേലൂർ മഖ്ന! ദൗത്യം ഏഴാം ദിവസത്തിലേക്ക്; പ്രദേശത്ത് ജാഗ്രതാനിർദേശം, മന്ത്രിമാരുടെ സംഘം വയനാട് സന്ദർശിക്കും

വയനാട്: മാനന്തവാടി ജനവാസമേഖലയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനാവാതെ വനംവകുപ്പ്. ആനയെ പിടികൂടാനുള്ള ദൗത്യം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആന നിലവിൽ ഇരുമ്പുപാലം കോളനിക്കടുത്ത് എത്തി. രാത്രിയിൽ കാട്ടിക്കുളം–തിരുനെല്ലി റോഡ് മുറിച്ചുകടന്നാണ് കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്ത് എത്തിയത്. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയ ഉൾപ്പെട്ട ദൗത്യസംഘം വനത്തിനുള്ളിൽ കടന്നു. കഴിഞ്ഞ ദിവസമാണ് അരുൺ സക്കറിയ ദൗത്യ സംഘത്തിനൊപ്പം ചേർന്നത്.

മന്ത്രിമാർ അടുത്ത ദിവസം തന്നെ വയനാട് സന്ദർശിക്കുമെന്നും റവന്യൂ, തദ്ദേശമന്ത്രിമാർ സംഘത്തിലുണ്ടാകുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും പോളിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. തന്റെ രാജി ആവശ്യപ്പെടുന്നത് പ്രതിപക്ഷത്തിന്റെ ആത്മാർഥതയില്ലായ്മ മൂലമാണെന്നും ശശീന്ദ്രൻ കുറ്റപ്പെടുത്തി.

അതേസമയം, വനംമന്ത്രി എ.കെ.ശശീന്ദ്രന് എതിരെ ടി.സിദ്ദിഖ് എംഎൽഎ രൂക്ഷവിമർശനം നടത്തി. വനംമന്ത്രി വയനാടിന്റെ വികാരം മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തണമെന്നും എംഎഎൽഎ ആവശ്യപ്പെട്ടു. വനംമന്ത്രിയെ പുറത്താക്കണമെന്നും അല്ലെങ്കിൽ വയനാടിന്റെ ചുമതലയിൽനിന്നു മാറ്റണമെന്നും എംഎൽഎ പറഞ്ഞു.

Related Articles

Latest Articles