Monday, October 5, 2026

ബംഗാൾ വിധി എഴുതുന്നു !! രണ്ടാം ഘട്ടത്തിൽ 40 ശതമാനത്തിലേക്ക് കടന്ന് പോളിംഗ് ! വ്യാപക ആക്രമണം അഴിച്ചു വിട്ട് തൃണമൂൽ ഗുണ്ടകൾ

പശ്ചിമ ബംഗാൾ നിയമസഭാ തെ രഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് സംസ്ഥാനത്ത് ആവേശകരമായി പുരോഗമിക്കുന്നു. 142 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 39.97 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, കിഴക്കൻ ബർധമാൻ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്; 44.50 ശതമാനം. ഹൂഗ്ലിയിൽ 43.12 ശതമാനവും നാദിയയിൽ 40.34 ശതമാനവും വോട്ടർമാർ ഇതിനകം സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു. നഗര മണ്ഡലങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ കൊൽക്കത്ത നോർത്തിൽ 38.39 ശതമാനവും കൊൽക്കത്ത സൗത്തിൽ 36.78 ശതമാനവും വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടം നടക്കുന്ന ഈ ഘട്ടത്തിൽ ഉന്നത നേതാക്കളടക്കം ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഭവാനിപ്പൂർ മണ്ഡലത്തിൽ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയും, തൃണമൂൽ എംപി അഭിഷേക് ബാനർജിയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. ഭവാനിപ്പൂർ, ടോളിഗഞ്ച് തുടങ്ങിയ പ്രധാനപ്പെട്ട നഗര മണ്ഡലങ്ങളിലെ ഫലങ്ങൾ ഇത്തവണ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്. ടോളിഗഞ്ച് പോലുള്ള മണ്ഡലങ്ങൾ ബംഗാളി സിനിമാ ലോകത്തിന്റെ കൂടി കേന്ദ്രമായതിനാൽ ഈ മണ്ഡലങ്ങളിലെ പോളിങ് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ഏകദേശം 3.21 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 1.64 കോടി പുരുഷന്മാരും 1.57 കോടി സ്ത്രീകളും 792 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. 1,448 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്, അതിൽ 220 പേർ സ്ത്രീകളാണ്. 41,001 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുള്ളതിൽ 8,000 ബൂത്തുകൾ പൂർണ്ണമായും വനിതകളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കി കർശനമായ തിരഞ്ഞെടുപ്പ് ചട്ടങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം പോളിംഗിനിടെ വ്യാപകമായ അക്രമസംഭവങ്ങളും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. വിവിധ മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ പോളിങ് ബൂത്തുകൾ സംഘർഷഭരിതമായി. പലയിടങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്ര സേനയ്ക്ക് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു.

ഡയമണ്ട് ഹാർബറിലെ ഫൽത മണ്ഡലത്തിൽ വോട്ടിങ് മെഷീനിലെ ബിജെപിയുടെ ‘താമര’ ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചതായി ബിജെപി ചുമതലക്കാരനായ അമിത് മാളവ്യ ആരോപിച്ചു. വോട്ടർമാരെ തങ്ങളുടെ ഇഷ്ടപ്രകാരം വോട്ട് ചെയ്യാൻ തൃണമൂൽ കോൺഗ്രസ് അനുവദിക്കുന്നില്ലെന്നും, നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് അവർ പയറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രമക്കേട് നടന്ന ബൂത്തുകളിൽ ഉടൻ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പരാതികൾ പരിശോധിക്കുമെന്നും സത്യമാണെന്ന് ബോധ്യപ്പെട്ടാൽ റീപോളിങ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

നാദിയ ജില്ലയിലെ ചപ്ര മണ്ഡലത്തിൽ ബിജെപി പോളിങ് ഏജന്റായ മുഷറഫ് മീറിന് നേരെ ആക്രമണം ഉണ്ടായതായും പരാതിയുണ്ട്. തോക്കുകളും ഇരുമ്പ് ദണ്ഡുകളുമായെത്തിയ തൃണമൂൽ ഗുണ്ടകൾ തന്നെ മർദ്ദിച്ചതായും തലയ്ക്ക് ആറ് തുന്നലുകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഖാനക്കുൽ മണ്ഡലത്തിലെ 147-148 ബൂത്തുകളിലും ബിജെപി-തൃണമൂൽ ഏജന്റുമാർ തമ്മിൽ ഏറ്റുമുട്ടി. പിന്നീട് സിആർപിഎഫ് ഇടപെട്ടാണ് അവിടെ സമാധാനം പുനഃസ്ഥാപിച്ചത്.

മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു. വോട്ടെടുപ്പ് നടക്കുന്നതിനിടെ മമത ബാനർജി തന്റെ വാഹനത്തിൽ ഗുണ്ടകളുമായെത്തി വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി ചിലർ ആരോപിച്ചു. ഫൽതയിൽ ബിജെപി സ്ഥാനാർത്ഥി ദേബാംശു പാണ്ഡെയെ ഒരു കൂട്ടം ആളുകൾ മുദ്രാവാക്യം വിളികളുമായി തടഞ്ഞത് സംഘർഷത്തിന് കാരണമായി, തുടർന്ന് കേന്ദ്ര സേനയ്ക്ക് ലാത്തി വീശേണ്ടി വന്നു.

.

Related Articles

Latest Articles