Monday, May 6, 2024
spot_img

കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ വിടവാങ്ങി; അന്ത്യം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്

കണ്ണൂർ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ(97) അന്തരിച്ചു. കണ്ണൂർ നാറാത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇഎംഎസ്സിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. ബർലിനിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവർത്തിച്ചു.

1926 നവംബർ 26 ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തൻ നായരുടെ ജനനം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലും, പിന്നീട് കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും,ചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നു. നാറാത്ത് സ്വദേശിയായ ബർലിൻ കുഞ്ഞനന്തൻ നായർ, പന്ത്രണ്ടാം വയസ്സിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ. നായനാർക്കൊപ്പം പ്രവർത്തിച്ചു തുടങ്ങി. ഇ.എം.എസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായും എകെജിയ്‌ക്കൊപ്പവും പ്രവർത്തിച്ചു.

1962ൽ ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായി. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ചേർന്നു. 1965 മുതൽ 82 വരെ ‘ബ്ലിറ്റ്‌സിന്റെ’ യൂറോപ്യൻ ലേഖകൻ. സിഐഎയെക്കുറിച്ച് ‘ഡെവിൾ ഇൻ ഹിസ് ഡാർട്ട്’ എന്ന അന്വേഷണാത്മക ലേഖനങ്ങളടങ്ങുന്ന പുസ്‌തകം രചിച്ചു. 2005ൽ സിപിഎം പുറത്താക്കിയെങ്കിലും 2015ൽ തിരിച്ചെടുത്തു.

Related Articles

Latest Articles