Tuesday, May 28, 2024
spot_img

ബിപിന്‍ റാവത്ത് സഞ്ചരിച്ച എംഐ 17 വി 5: സൈനിക ഗതാഗത ഹെലികോപ്റ്ററുകളിൽ ഏറ്റവും പുതിയത്

ദില്ലി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുമായി തകര്‍ന്നുവീണ വ്യോസേനാ ഹെലികോപ്റ്റര്‍ കോയമ്പത്തൂരിനടുത്തുള്ള സുലൂര്‍ വ്യോമസേനാ താവളം കേന്ദ്രമായി 109 ഹെലികോപ്റ്റര്‍ യൂണിറ്റിന്റേത്. ലോകമെമ്പാടും ലഭ്യമായ സൈനിക ഗതാഗത ഹെലികോപ്റ്ററിന്റെ എംഐ 17 വി 5 എന്ന ഏറ്റവും പുതിയ പതിപ്പാണ് അപകടത്തില്‍ പെട്ടത്. എംഐ 17 വി 5 എന്ന റഷ്യന്‍ നിര്‍മിത എംഐ-8/17 ഹെലികോപ്റ്റര്‍ പരമ്പരയുടെ ഭാഗമാണിത്.

ഇന്ത്യാ ഗവണ്‍മെന്റ് 2008 ലാണ് റഷ്യയുമായി എംഐ-17 വി5 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനായി കരാര്‍ ഒപ്പിട്ടത്. 1.3 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവില്‍ 80 എംഐ-17 വി5 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനായിരുന്നു കരാര്‍. കരാര്‍ പ്രകാരം ഇതില്‍ ആദ്യത്തേത് 2013ല്‍ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ അവസാന ബാച്ച് 2018ലാണ് വന്നത്.

മാത്രമല്ല എംഐ-17 വി5 ന് നിരവധി വകഭേദങ്ങളുണ്ട്. സൈനികരെ വഹിക്കുന്നതിനു 36 സീറ്റ്, ചരക്ക് ഗതാഗതം, എമര്‍ജന്‍സി ഫ്‌ളോട്ടേഷന്‍ സംവിധാനമുള്ളത് തുടങ്ങി നിരവധി വകഭേദങ്ങളുള്ളതാണ് എംഐ 17 വി 5 ഹെലികോപ്റ്റര്‍. സൈനികരുടെ യാത്രയ്ക്കും ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനും അകമ്പടി പോകുന്നതിനും ദുരന്തമുഖങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്. പൈലറ്റ്, കോ-പൈലറ്റ്, ഫ്‌ളൈറ്റ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെടെ മൂന്നംഗ ക്രൂവാണ് എംഐ 17 വി 5 പ്രവര്‍ത്തിപ്പിക്കുന്നത്.

മണിക്കൂറില്‍ പരമാവധി 250 കിലോമീറ്റര്‍ വേഗതയും 230 കിലോമീറ്റര്‍ ക്രൂയിസ് വേഗതയും നേടാനാകും. പ്രധാന ഇന്ധന ടാങ്കുകളുടെ പരിധി 675 കിലോമീറ്ററാണ്. രണ്ട് സഹായ ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച് 1,180 കിലോമീറ്റര്‍ പറക്കാന്‍ കഴിയും. പരമാവധി 4,000 കിലോഗ്രാം ഭാരം വഹിക്കാനാകും.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കോയമ്പത്തൂരിന് അടുത്തുള്ള സുലൂര്‍ എയര്‍ബേസില്‍ പ്രവര്‍ത്തിച്ചിരുന്നവയാണ്. സൈന്യത്തിലെ ഏറ്റവും പുതിയ പതിപ്പുകളില്‍ ഒന്നായിരുന്നു ഇത്.

Related Articles

Latest Articles