തിരുവനന്തപുരം: കോവിഡ് 19 രോഗബാധയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടര്‍ന്നു പിടിക്കുന്നതായി സംശയം. ഇന്ന് പാലക്കാട്ടും തിരുവനന്തപുരത്തും പക്ഷികള്‍ കൂട്ടത്തോടെ ചത്തു. പാലക്കാട്ടെ തോലന്നൂരില്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച താറാവ് കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ചത്തത്. ഇവയുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
ഇതിന് പിന്നാലെ തിരുവനന്തപുരം ജില്ലയിലെ മൂന്നിടങ്ങളില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തത് കൂടുതല്‍ ഭീതി പരത്തിയിട്ടുണ്ട്. എംഎല്‍എ ഹോസ്റ്റല്‍ വളപ്പിലും പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. ഇവയുടെ സാമ്പിളുകളും ആരോഗ്യവകുപ്പ് അധികൃതര്‍ ശേഖരിച്ച് പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസിലേക്ക് അയച്ചു.
പക്ഷികള്‍ ചത്ത പ്രദേശത്ത് ആരോഗ്യവകുപ്പ് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്. ഇതിന് ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കോടിയത്തൂര്‍, വേങ്ങേരി എന്നിവടങ്ങളില്‍ കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
കോവിഡ് 19 രോഗഭീതി സംസ്ഥാനത്താകെ പടര്‍ന്നിരിക്കുമ്പോഴാണ് പക്ഷിപ്പനിയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത്. പക്ഷിപ്പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ ഇറച്ചിക്കോഴി, താറാവ് വില്‍പ്പനയും വന്‍ തോതില്‍ ഇടിഞ്ഞിരുന്നു. മുട്ടകളുടെ വില്‍പ്പനയും സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്

