Thursday, May 2, 2024
spot_img

“ജാർഖണ്ഡ് സംസ്ഥാനം നിലവിൽ വന്നത് നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം”; ഭഗവാൻ ബിർസ മുണ്ട സ്മൃതി ഉദ്യാനവും, മ്യൂസിയവും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ദില്ലി: ബിർസ മുണ്ട (Birsa Munda) മ്യൂസിയം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി. ബിർസ മുണ്ടയുടെ 146-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് സ്മൃതി ഉദ്യാനവും ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയവും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഗോത്രസമൂഹത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച് “ജൻജാതിയ ഗൗരവ് ദിവസ്” ആയാണ് ഈ ദിവസം ആഘോഷിക്കുന്നത്.

ആഘോഷത്തിന്റെ ഭാഗമായി റാഞ്ചിയിലെ സ്മാരക ഉദ്യാനം പ്രധാനമന്ത്രി വെർച്വലായിട്ടാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗോത്രസമൂഹം നടത്തിയ ധീരമായ ചെറുത്തു നിൽപ്പിൽ രാജ്യം വിലമതിക്കുന്നു. ഗോത്രമേഖലയ്‌ക്ക് എത്ര പ്രാധാന്യം നൽകുന്നുവെന്നതിന്റെ തെളിവാണ് അടൽ ബിഹാരി വാജ്‌പേയുടെ കാലത്ത് ആരംഭിച്ച ഗോത്രവർഗ്ഗങ്ങൾക്കായുള്ള മന്ത്രാലയം. അതിന്റെ തുടർച്ചയായാണ് ജാർഖണ്ഡ് സംസ്ഥാനരൂപീകരണമെന്നും പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു. തന്റെ പൊതുജീവിതത്തിലെ നല്ലൊരു കാലഘട്ടം വനവാസി ഗോത്രസമൂഹത്തിനൊപ്പം ജീവിച്ചുകൊണ്ടായിരുന്നു. അവരുടെ സന്തോഷവും പ്രയാസങ്ങളും താൻ നേരിട്ട് അനുഭവിച്ചതാണ്. വനവാസി മേഖലയിലെ മിടുക്കരായ യുവതീയുവാക്കളുടെ ജീവിക്കാനായുളള കുതിപ്പും കിതപ്പും നേരിട്ടറിയാം. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ എന്നും പ്രതിജ്ഞാ ബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗോത്രസമൂഹം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലായ്‌പ്പോഴും ഊന്നൽ നൽകാറുണ്ട്. 2016ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ഗോത്രവർഗ്ഗ സ്വാതന്ത്ര്യസമര സേനാനികളുടെ പങ്കെടുത്ത് പറഞ്ഞിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ സംഭാവനകളാണ് പ്രധാനമന്ത്രി അന്ന് ചൂണ്ടിക്കാട്ടിയത്. അവരുടെ സ്മരണയ്‌ക്കായി മ്യൂസിയങ്ങൾ നിർമ്മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 25 ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാണ് മ്യൂസിയം. വരും തലമുറയ്‌ക്ക് ഗോത്രവർഗക്കാരുടെ ത്യാഗങ്ങളെ കുറിച്ച് അറിയാൻ കഴിയുന്ന തരത്തിലേക്ക് സ്മാരകങ്ങളാണ് കേന്ദ്രസർക്കാർ നിർമ്മിക്കുന്നത്.

ബിർസ മുണ്ട തന്റെ ജീവൻ ബലിയർപ്പിച്ച റാഞ്ചിയിലെ പഴയ സെൻട്രൽ ജയിലിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. ജാർഖണ്ഡ് സർക്കാരുമായി സഹകരിച്ചായിരുന്നു മ്യൂസിയത്തിന്റേയും ഉദ്യാനത്തിന്റേയും നിർമ്മാണം. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു വനവാസി സ്വാതന്ത്ര്യ സമര നേതാവാണ് ബിർസാ മുണ്ട. 1875 നവംബർ 15ന് ജാർഖണ്ഡിലാണ് അദ്ദേഹം ജനിച്ചത്. ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിക്കുകയും സാമ്രാജ്യത്വത്തിനെതിരെ ഗോത്ര വർഗക്കാരെ അണിനിരത്തുകയും ചെയ്തു. ഒരേ സമയം രാഷ്‌ട്രീയാധികാരത്തിനായുള്ള സമരം നയിക്കുന്നതോടൊപ്പം തന്നെ സാമൂഹികവും മതപരവുമായ മാനങ്ങളും ബിർസയുടെ മുന്നേറ്റങ്ങൾക്കുണ്ടായിരുന്നു. മുണ്ട എന്ന വനവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ സമരത്തിന് നേതൃത്വം നൽകി. 1900 ജൂൺ 9 ന് ജയിലിൽ വച്ചാണ് ബിർസ മരിക്കുന്നത്.

Related Articles

Latest Articles