Saturday, May 18, 2024
spot_img

കമ്മ്യൂണിസ്റ്റുകൾ കേരളത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന ഇതാണ്

കമ്യൂണിസ്റ്റുകൾ കേരളത്തിനു നൽകിയ ഏറ്റവും വലിയ സംഭാവന എന്നത് സാംസ്കാരിക സാമൂഹ്യമേഖലകളിലെ അവരുടെ തുടർച്ചയായ ഇടപെടലുകളിലൂടെ ഒറ്റബുദ്ധിയായ ഒരു ഭൂരിപക്ഷത്തെ ഇവിടെ സൃഷ്ടിച്ചു എന്നതാണ്.

ഈ ഒറ്റബുദ്ധിത്തരം സമൂഹത്തിൽ സൃഷ്ടിച്ചാൽ പിന്നെ ബൈനറി ബോക്സുകളിലേക്ക് വിഷയങ്ങളെ ഇട്ട് ആളുകളെ കൂടെ നിർത്താനും ചവിട്ടിപ്പുറത്താക്കാനും എളുപ്പമാണ്. ഒറ്റബുദ്ധികൾക്ക് അതൊരു പ്രശ്നമാകില്ല.
അങ്ങനെ ഒറ്റബുദ്ധികളുടെയിടയിൽ അവർ ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത ഒരു നറേറ്റീവാണ് സംഘിയാകുക എന്നത് കൊടിയ പാപവും കമ്യൂണിസ്റ്റാകുക എന്നത് വലിയ പുണ്യവും എന്ന നറേറ്റീവ്. ആളുകളെ ഞങ്ങളെന്നും നിങ്ങളെന്നും ദൈവത്തെ ഉപയോഗിച്ച് വേർതിരിക്കുന്ന സെമിറ്റിക് മതങ്ങളുടെ അതേ പാറ്റേണിൽ ആണ് ഇവരിത് സാധിച്ചെടുക്കുന്നത്.

അതിനാൽത്തന്നെ ഒറ്റബുദ്ധികളോടിവർ ബൗദ്ധികമായ ഉന്നതി പ്രാപിച്ച തങ്ങളെ എതിർക്കേണ്ട കാര്യം മണ്ടന്മാരായ സംഘികൾക്കേ ഉള്ളൂ എന്ന നറേറ്റീവ് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു ബൈനറി സൃഷ്ടിച്ചിരിക്കുന്നു. അതായത് മതരാഹിത്യം ആണ് ബുദ്ധിയുടെ ലക്ഷണം എന്നും ബുദ്ധിയുള്ളവൻ കമ്മിയാകുന്നു എന്നും.. മണ്ടന്മാരായ മതജീവികൾ മാത്രമാണ് സംഘിയാകുന്നത് എന്നും.. ഈ നറേറ്റീവ് മതം അടിച്ചേൽപ്പിക്കാത്ത ഹിന്ദുക്കളുടെ അടുത്ത് മാത്രമാണ്. ഇത് വിജയമാണെങ്കിലും ഹിന്ദുക്കളിലെ ഭൂരിപക്ഷത്തെ ഒറ്റബുദ്ധിയാക്കി തങ്ങളുടെയൊപ്പം നിർത്തിയെങ്കിലും ഇടയ്ക്കിടെ അധികാരം നഷ്ടപ്പെടുന്നത് ന്യൂനപക്ഷങ്ങളെ മതരാഹിത്യത്തിന്റെ സവർണ്ണത പറഞ്ഞ് ആകർഷിക്കാൻ സാധിക്കുന്നില്ല എന്ന തിരിച്ചറിവിലാണ്. അവിടെ അടവുനയം പുറത്തെടുത്ത് തങ്ങൾ സൃഷ്ടിക്കുന്ന അടിമത്തത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന ഒറ്റബുദ്ധിയായ ഒരുവിഭാഗം ഇസ്ലാം മതസ്ഥരെ കൂടെനിർത്താനുള്ള ശ്രമം തുടങ്ങി.

അതിനാദ്യം ചെയ്തത് ഹൈന്ദവരെ തങ്ങളുടെ അടിമകളായ ഒറ്റബുദ്ധി ഹൈന്ദവരെ ഉപയോഗിച്ച് നിന്ദിക്കുകയും ആ നിന്ദകളൊക്കെ സംഘിനിന്ദ ആണെന്ന് അവരെ വിശ്വസിപ്പിക്കുകയും ചെയ്താണ്. അത് ചെയ്തില്ലെങ്കിൽ സംഘിയായ്പോകും എന്ന പേടിയും അവരിൽ വളർത്തി. കമ്യൂണിസ്റ്റ് സവർണ്ണത നഷ്ടപ്പെടുന്നത് ഒറ്റബുദ്ധികളെ അപേക്ഷിച്ച് ചിന്തിക്കാൻ ആവാത്തതാണ്. അവർ പത്തുരൂപ കൊടുക്കുമ്പോൾ നൂറുരൂപയുടെ പണി ചെയ്തു. കൂടെ ഉത്സാഹക്കമ്മിറ്റിക്കാരായ സുഡാപ്പികളും കൂടി. രണ്ടും കൂടി നിശ്ശബ്ദമായ് പോയിരുന്ന പലരെയും ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കാൻ നിർബന്ധിതരാക്കി. ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുന്നവരെല്ലാം സംഘി ചാപ്പയടിക്കപ്പെട്ടു.

ചിലർ സംസാരിച്ചത് മുസ്ലിങ്ങളെ മാത്രം പ്രീണിപ്പിക്കുകയും ഹിന്ദുക്കളെ മാത്രം ആക്രമിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകളുടെ പ്രത്യേക മതേതരത്വത്തെയാണ്. അവരും സംഘിയാക്കപ്പെട്ടു. യുക്തിവാദികളായ ചിലർ കമ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരവും അപ്രായോഗികതയും വിശദീകരിച്ചു. അവരും സംഘിയാക്കപ്പെട്ടു. കൂട്ടിനായി ഇവർ ഇസ്ലാമിസ്റ്റുകളെയും കൂട്ടുപിടിച്ചതിനാൽ ഇസ്ലാമിനും കമ്യൂണിസത്തിനും കൂട്ടുനിക്കാത്തവർ എല്ലാം സംഘികളായി.

നോക്കൂ, ഒറ്റബുദ്ധി ഹിന്ദുക്കളും ഒറ്റബുദ്ധി മുസ്ലിങ്ങളും അടങ്ങുന്ന വലിയൊരു വിഭാഗത്തെ സംഘിവിരുദ്ധർ എന്നൊരു സവർണ്ണത നൽകി ഒരു പക്ഷത്തു നിലയുറപ്പിച്ചതും‌ കോൺഗ്രസ്സുകാരെ അന്യസംസ്ഥാന കൂടുമാറ്റക്കാരെ കാണിച്ച് പൊട്ടൻഷ്യൽ സംഘികളാക്കി മുസ്ലിങ്ങളെ വിശ്വസിപ്പിച്ചതും മുസ്ലിം ലീഗിനെ കാണിച്ച് പേടിപ്പിച്ചും കേരളാകോൺഗ്രസ്സിനെ കൂടെക്കൂട്ടിയും നല്ല വിഭാഗം ക്രിസ്ത്യാനികളെ കൂടെ നിർത്തിയതും ആണ് കൊട്ടിഘോഷിക്കുന്ന പിണറായിയുടെ രണ്ടാം ഭരണം. അതായത് അടിമുടി മതവർഗ്ഗീയതയെ ഫലപ്രദമായി ചേരും പടി ചേർത്തു.

ഒറ്റബുദ്ധികൾ ഈ മതവർഗ്ഗീയതയുടെ ഉപയോഗത്തെ മതേതരത്വം ആയ് കാണുകയും എതിർപ്പുകളെ മുഴുവൻ സംഘിസമായ് കാണുകയും ചെയ്യുന്നു. കാരണം ഒറ്റബുദ്ധികൾക്ക് എപ്പോഴും ബൈനറിയിൽ ചിന്തിക്കാനേ കഴിയൂ. അപ്പോൾ എതിർക്കുന്നവരെ മുഴുവൻ സംഘിയാക്കി ഇവർ കാണിക്കുമ്പോൾ അവരെയെല്ലാം ചേർത്തുപിടിച്ച് സംഘികൾ അധികാരത്തിൽ വരേണ്ടതാണല്ലോ. അത് സംഭവിക്കുന്നില്ല. കാരണം തങ്ങൾ ജയിക്കും എന്ന ഒരു വിശ്വാസം കൊടുക്കാൻ ബിജെപി നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഫലത്തിൽ ഹിന്ദുദ്രോഹികളിൽ ചെറിയ ദ്രോഹിയായ കോൺഗ്രസ്സിന് മുസ്ലിം ലീഗിനെ കണക്കിലെടുക്കാതെ കമ്മികൾ ജയിക്കാതിരിക്കാൻ‌ വോട്ട് ചെയ്യുന്നു. അതായത് കമ്യൂണിസ്റ്റ് പ്രയത്നത്താൽ പുതുതായ് സംഘി ആകുന്നവരുടെ വോട്ട് പോകുന്നത് കോൺഗ്രസ്സിനായിരിക്കും. പരമ്പരാഗത ബിജെപി വോട്ടുകൾ മാത്രം അവർക്ക് കിട്ടുകയും ചെയ്യും.

ദൗർഭാഗ്യകരമെന്നുപറയട്ടെ, സ്വന്തം അണികളില്പോലും ഈ വിശ്വാസ്യത ഉണ്ടാക്കാനുള്ള ഒരു നടപടിയും കേന്ദ്രമന്ത്രി മുരളീധരൻ മുതൽ താഴോട്ട് ആരും എടുക്കുന്നതായി ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. സാഹിത്യ-സിനിമാ-മാദ്ധ്യമ- സാംസ്കാരികമേഖലയിലെങ്ങും ഫലപ്രദമായി ഇടപെടണമെന്ന ചിന്ത പോലും ഉണ്ടാകുന്നില്ല. വീക്ഷണം ഇല്ലാത്ത പ്രവർത്തനവും ഉത്തരവാദിത്വപ്പെട്ടവരുടെ നിഷ്ക്രിയതയും ആണ് സോഷ്യൽ മീഡിയയിൽ പോലും ഉള്ളത്. ജനങ്ങൾ എങ്ങനെ തങ്ങൾക്കനുകൂലമായി ചിന്തിക്കണം എന്നും തങ്ങളെ ഇഷ്ടപ്പെടാത്തവരെക്കൊണ്ടു പോലും മറ്റ് കാരണങ്ങളാൽ എങ്ങനെ തങ്ങൾക്ക് വോട്ട് ചെയ്യിക്കാം എന്നും കമ്യൂണിസ്റ്റ് നേതൃത്വത്തിലെ ഒരു ന്യൂനപക്ഷം ചിന്തിച്ചതിന്റെയും ഡീപ് സ്റ്റേറ്റ് ഉണ്ടാക്കി പ്രവർത്തിച്ചതിന്റെയും അദ്ധ്വാനിച്ചതിന്റെയും ഫലമാണ് അവരുടെ അധികാര തുടർച്ചയും അവരുടെ ഫാഷിസ്റ്റ് പ്രവർത്തികൾക്ക് കിട്ടുന്ന മാദ്ധ്യമ കവറപ്പും.

മുസ്ലിം മതമൗലികവാദികൾക്കാവശ്യം കമ്മികൾ തങ്ങളുടെ അടിമകളായി നിന്ന് ഹിന്ദുക്കളെ ദ്രോഹിക്കും എന്ന ഉറപ്പാണ്. ആ ബോധം കൊടുക്കുന്നതുവരെയും അവർ കൂടെനിക്കും.‌ അത് കിട്ടാത്ത നിമിഷം മറുകണ്ടം ചാടും. അവരുടെ ഒറ്റബുദ്ധി നറേറ്റീവ് സെറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ആ രീതിയിലാണ്. കോൺഗ്രസ്സിനെ പൂർണ്ണമായും നശിപ്പിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.
കേന്ദ്രത്തിലെ ബിജെപിയുടെ ലക്ഷ്യവും കോൺഗ്രസ്സ് മുക്തഭാരതമാണ്. അവർക്ക് കേരളമെന്ന ഇട്ടാവട്ടത്തിൽ കമ്മികൾ ഭരിയ്ക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. കമ്മികളിലൂടെ ഹിന്ദുസമുദായങ്ങളിൽ ആണ് അധികാരം നിൽക്കുന്നതെന്നും അവർ കരുതുന്നുണ്ടാവാം. കടക്കെണിയിലായ കേരളവും കടത്തുകെണിയിലായ പിണറായി ഗവണ്മെന്റും അവർക്ക് കൊടുക്കുന്ന സ്വാധീനശക്തി ചെറുതുമല്ല. വിജയൻ പോയാൽ ഒരു സ്വാധീനവും ഇല്ലാത്ത കോൺഗ്രസ്സ് ഗവണ്മെന്റും മുസ്ലിം ലീഗ് ഭരണവും ആണ് വരാൻ പോകുന്നതെന്ന് അവർക്ക് വ്യക്തമായറിയാം. അല്ലാതെ സാമൂഹിക സാംസ്കാരിക മേഖലയിൽ ഇടപെടാത്ത ബിജെപിക്കാരെക്കൊണ്ട് എന്ത് സാധിക്കാനാണ് ? അതുകൊണ്ട് കടത്തുകേസിലും ലാവലിൻ കേസിലും പരിഹാസകഥാപാത്രമായി കമ്മികൾ മാറുമെങ്കിലും സംഘികൾക്ക് ശക്തി പ്രാപിക്കുന്നതുവരെ അനുഗ്രഹമാണ്. അധികാരമുള്ള കമ്മികളേക്കാൾ സംഘികൾക്ക് അപകടകാരികൾ അധികാരമില്ലാത്ത കമ്മികളാണ്.

ബിജെപിയ്ക്ക് ഇപ്പോൾ കിട്ടുന്ന സ്പേസ് ബിജെപി നേതൃത്വം അദ്ധ്വാനിച്ച് നേടിയതല്ല. അത് കമ്യൂണിസ്റ്റുകളുടെ വിഭാഗീയ അജണ്ടയ്ക്കായി അവർ തന്നെ സൃഷ്ടിച്ചെടുത്ത സ്പേസ് ആണ്. സംഘികൾ വളരുന്നു എന്ന പേടി മുസ്ലിങ്ങളിൽ നിലനിൽക്കുക എന്നത് അവരുടെ മാത്രം ആവശ്യമാണ്. ഒരു പ്രാവശ്യം കോൺഗ്രസ്സ് തിരിച്ചുവരാത്തവിധം തകരുമ്പോൾ അവർ ഇപ്പോഴുള്ള നറേറ്റീവ് റിവേഴ്സ് ചെയ്യും.. സംഘികളെയും ക്രിസംഘികളെയും പ്രീണിപ്പിക്കുന്ന ഒപ്പം മുസ്ലിം ലീഗിനെ എതിർപക്ഷത്തു നിർത്തുന്ന അച്യുതാനന്ദൻ രാഷ്ട്രീയം അവർ പുറത്തെടുക്കും. ഒറ്റബുദ്ധി മുസ്ലിങ്ങളെ അത് സംഘികൾ വളരാതിരിക്കാൻ ആണെന്ന് വിശ്വസിപ്പിക്കും. ഫലത്തിൽ കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനം കുറയും. സംഘിവിരുദ്ധർ ഹാപ്പി. കമ്മികൾ ഹാപ്പി. കേന്ദ്രബിജെപിയും ഹാപ്പി. പ്രാധാന്യം കിട്ടി ലൈം ലൈറ്റിൽ നിൽക്കാം എന്നുള്ളതുകൊണ്ട് കേരളബിജെപിയും ഹാപ്പി.

അപ്പോൾപ്പിന്നെ നമ്മളെന്തിന് സംഘികളാകുന്നു എന്നൊരു ചോദ്യമുണ്ടല്ലോ… ലളിതമായ ഉത്തരമാണ്.
ഒറ്റബുദ്ധികൾ അല്ലാത്തതുകൊണ്ട്.. അടിമകളല്ലാത്തതുകൊണ്ട്..‌സത്യം വിളിച്ചുപറയുന്നതുകൊണ്ട്..
രാഷ്ട്രീയ അപ്പക്കഷണങ്ങൾ തിന്നുജീവിക്കേണ്ടതില്ലാത്തതുകൊണ്ട്.. കപടമതേതര സവർണ്ണത ആവശ്യമില്ലാത്തതുകൊണ്ട്..

 

Related Articles

Latest Articles