Saturday, September 26, 2026

മേയറുടെ ഔദ്യോഗിക വാഹനത്തിൽ കരിങ്കൊടി കെട്ടി മഹിളാ കോൺഗ്രസ്; നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിച്ച് ബിജെപി; നിയമന അഴിമതിയിൽ സംഘർഷ ഭരിതമായി തലസ്ഥാനം

തിരുവനന്തപുരം: നിയമന അഴിമതി വിവാദത്തിൽ തിരുവനന്തപുരം നഗരസഭാ ആസ്ഥാനത്ത് ഇന്നും പ്രതിഷേധം ശക്തം. മേയറുടെ രാജി ആവശ്യം അംഗീകരിക്കാത്തതിലും അന്വേഷണം അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിക്കുന്നു. മേയറുടെ ഔദ്യോഗിക വാഹനത്തിൽ കരിങ്കൊടി കെട്ടി മഹിളാ കോൺഗ്രസ്സും പ്രതിഷേധിക്കുന്നു. ഇന്നും നിയമന അഴിമതി വിവാദത്തിൽ നഗരസഭാ കാര്യാലയവും പരിസരവും സംഘർഷ ഭരിതമാണ്. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഇന്ന് ഡെപ്യൂട്ടി മേയർ ഡി ആർ അനിൽകുമാറിന്റെ മൊഴിയെടുത്തു. SAT നിയമന വിവരം കാണിച്ച് പാർട്ടി സെക്രട്ടറിക്കെഴുതിയ കത്ത് നശിപ്പിച്ചു എന്നാണ് അനിൽകുമാർ നൽകിയിരിക്കുന്ന മൊഴി. മേയറുടെ കത്തിന്റെ അസലും ഇപ്രകാരം നശിപ്പിക്കപ്പെട്ടു എന്നാണ് പോലീസ് കണക്ക് കൂട്ടുന്നത്. കത്തിന്റെ അസൽ ഇല്ലാതെ അന്വേഷണം മുന്നോട്ട് പോകുന്നതും പ്രയാസമാണ്. ഇതാണ് കേസന്വേഷണം അട്ടിമറിച്ചു എന്ന നിഗമനത്തിൽ പ്രതിപക്ഷമെത്തുന്നത്.

നഗരസഭയിലെ താൽക്കാലിക ഒഴവുകളിലേക്ക് പാർട്ടിക്കാരെ നിർദ്ദേശിക്കാൻ മേയർ സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്തിന്റെ പകർപ്പാണ് പുറത്തായത്. തൊഴിൽ പാർട്ടിക്കാർക്ക് വീതിച്ചു നൽകാനുള്ള ശ്രമത്തിന്റെ ഏറ്റവും വലിയ തെളിവാണ് കത്തെന്നു പ്രതിപക്ഷം ആരോപിച്ചു. അതുകൊണ്ട് തന്നെ മേയർ പക്ഷപാതപരമായി പെരുമാറിയെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യ പ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നു.

Related Articles

Latest Articles