തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് സ്ഥാനാര്‍ത്ഥികളായി. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. വട്ടിയൂര്‍ക്കാവില്‍ ബി ജെ പി ജില്ലാ പ്രസിഡന്‍റ് അഡ്വ എസ് സുരേഷ് സ്ഥാനാര്‍ത്ഥിയാകും. കോന്നിയില്‍ പ്രതീക്ഷിച്ചതുപോലെ കെ സുരേന്ദ്രന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയത്. മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും എറണാകുളത്ത് സി ജി രാജഗോപാലും മത്സരിക്കും. അരൂരില്‍ കെ പി പ്രകാശ് ബാബുവുമാണ് സ്ഥാനാര്‍ത്ഥി.
മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍റെ പേര് തന്നെയാണ് അവസാനനിമിഷം വരെ വട്ടിയൂര്‍ക്കാവില്‍ പറഞ്ഞു കേട്ടത്. കുമ്മനം ആദ്യം മത്സരിക്കാന്‍ സമ്മതിച്ചിരുന്നതല്ല. ഇവിടെ കുമ്മനം തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒ രാജഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഒടുവില്‍ ആര്‍ എസ് എസ് കൂടി ഇടപെട്ടാണ് കുമ്മനം മത്സരിക്കാന്‍ സമ്മതിച്ചത്. ഇത് സ്ഥിരീകരിച്ച് ഒ രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത് ഞായറാഴ്ച തന്നെ കുമ്മനം പ്രചാരണം തുടങ്ങുമെന്നാണ്. നാളെയാണ് അഞ്ച് ഉപതിരഞ്ഞെടുപ്പുകള്‍ക്കും പത്രിക നല്‍കാനുള്ള അവസാന തീയതി.

