Sunday, May 19, 2024
spot_img

ഗവർണർക്ക് എതിരായ എൽഡിഎഫ് സമരത്തെ വിമർശിച്ച് ബിജെപി;സമരം നനഞ്ഞ പടക്കംപോലെ ആകുമെന്നുറപ്പാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം : കേരളാ ഗവർണർക്ക് എതിരായ എൽഡിഎഫ് സമരത്തെ വിമർശിച്ച് ബിജെപി. സാങ്കേതിക സർവക‌ലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ തോറ്റതി നാണ് സമരമെന്ന് സുരേന്ദ്രൻ പരിഹസിച്ചു. സുപ്രീം കോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നുകൂടി പറയാൻ മുഖ്യമന്ത്രിയും ഇടത് നേതാക്കളും തയ്യാറാകണം. ഗവർണർക്കെതിരായ എൽഡിഎഫ് സമരം നനഞ്ഞ പടക്കമാവുമെന്നുറപ്പാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സാങ്കേതിക സർവ്വകലാശാലാ വിധി എല്ലാ സർവ്വകലാശാലകൾക്കും ബാധകമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ തെരുവിൽ നേരിടാനാണ് ഉദ്ദേശമെങ്കിൽ തിരിച്ചും അത് പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഇടത് നേതാക്കളെ ഓർമ്മിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സർക്കാർ ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുന്നുവെന്ന് സുരേന്ദ്രൻ പരിഹസിച്ചു. അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവർണറെ ആർഎസ്എസുകാരനായി സിപിഎം മുദ്രകുത്തുന്നത്. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെല്ലാം ആർഎസ്എസ്സാണെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ ഗവർണർക്ക് ബിജെപിയുടെ പൂർണ്ണ പിന്തുണയുണ്ടായിരിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

Related Articles

Latest Articles