Monday, May 6, 2024
spot_img

ശശി തരൂരിന് പോലീസ് സംരക്ഷണം നൽകണമെന്ന് ബിജെപി; പോകുന്നിടത്തെല്ലാം യു ഡി എഫ് സ്ഥാനാർത്ഥിയെ കോൺഗ്രസ്സുകാർ ആക്രമിക്കുന്നു; തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കണമെന്ന് വി വി രാജേഷ് !

തിരുവനന്തപുരം: യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിന് പോലീസ് സംരക്ഷണം നൽകണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് ആവശ്യം ഉന്നയിച്ചത്. പ്രചാരണവുമായി പോകുന്നിടത്തെല്ലാം ശശി തരൂരിനെ കോൺഗ്രസ്സുകാർ ആക്രമിക്കുകയാണ്. ബാലരാമപുരത്തും, മണ്ണന്തലയിലും, കരിക്കകത്തും ഇത്തരം ആക്രമണങ്ങളുണ്ടായി. ബാലരാമപുരത്ത് ചെറിയ പ്രതിഷേധവും തോർത്ത് സ്ഥാനാർത്ഥിയുടെ മുഖത്ത് വലിച്ചെറിയുകയുമാണുണ്ടായത്. മണ്ണന്തലയിൽ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് പോയി. ശശി തരൂരിന്റെ കാലിന്റെ നഖത്തിന് പരിക്കേറ്റതായി ബിജെപിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കരിക്കകത്ത് തരൂരിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ കയ്യാങ്കളി നടന്നു. പാർട്ടി പ്രവർത്തകർക്ക് സ്വീകാര്യനല്ലാത്ത ഒരാളെ കോൺഗ്രസ് രംഗത്തിറക്കിയത് കാരണം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മണ്ഡലം അനാവശ്യ സംഘർഷത്തിലേക്ക് പോകുന്നുവെന്നും അക്കാരണം കൊണ്ടുതന്നെ യു ഡി എഫ് സ്ഥാനാർത്ഥിക്ക് സംരക്ഷണം നൽകാൻ പോലീസ് തയ്യാറാകണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു.

ശശി തരൂരിന് നേരെ നടക്കുന്ന സ്വന്തം പാർട്ടിക്കാരുടെ ആക്രമണങ്ങൾ പോലീസ് എന്തുകൊണ്ടോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു. ആക്രമണ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത കോൺഗ്രസ് പ്രവർത്തകന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചു വച്ചിരിക്കുകയാണെന്നും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് മാറി സ്ഥാനാർത്ഥിക്ക് സംരക്ഷണം നൽകി തെരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനം ഉറപ്പുവരുത്താൻ പോലീസ് ശ്രമിക്കണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വിജയം സുനിശ്ചിതമാണെന്നും സമാധാനപരമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നവരാണ് തിരുവനന്തപുരത്തെ വോട്ടർമാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles