Friday, May 3, 2024
spot_img

പ്രതിപക്ഷം ഉശിരുകാട്ടി; എൽഡിഎഫ് ഭരണസമിതിയെ മുട്ടുകുത്തിച്ച് ബിജെപി; 22 നിർദേശങ്ങളിൽ ഇരുപതും അംഗീകരിച്ചു

തിരുവനന്തപുരം: എൽഡിഎഫ് ഭരണസമിതിയെ മുട്ടുകുത്തിച്ച് ബിജെപി(Kerala BJP). ബജറ്റ് അവതരണത്തിന് തൊട്ടുമുൻപ് ബിജെപി അംഗങ്ങൾ നടത്തിയ പ്രതിഷേധമാണ് ഭരണസമിതിയെ പിടിച്ചുകുലുക്കിയത്. ധനകാര്യ സ്ഥിരംസമിതിയിൽ ഭൂരിപക്ഷമുള്ള ബിജെപി അംഗങ്ങൾ ബജറ്റ് നിർദ്ദേശങ്ങൾ പാസ്സാക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഡെപ്യൂട്ടി മേയർക്ക് ബജറ്റ് അവതരിപ്പിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ പ്രതിസന്ധി ഉണ്ടാവുകയായിരുന്നു. എന്നാൽ ഡെപ്യൂട്ടി മേയർക്ക് ബജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞില്ല ആയിരുന്നെങ്കിൽ ഭരണപ്രതിസന്ധി ഉണ്ടാകുമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് അടുത്ത സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളെ ബാധിക്കുന്ന മുന്നിൽകണ്ടാണ് ഭരണസമിതി മുട്ടുമടക്കിയത്. ഇന്ന് 11 മണിക്കാണ് ബജറ്റ് അവതരണം നടക്കുന്നത്.

കേരള മുൻസിപ്പാലിറ്റി നിയമത്തിലെ 290 ചട്ടപ്രകാരം സ്ഥിരംസമിതി അംഗീകരിച്ചാൽ മാത്രമേ അധ്യക്ഷനായ ഡെപ്യൂട്ടി മേയർക്ക് ബജറ്റ് അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ. മാരത്തൺ ചർച്ചകൾക്കൊടുവിൽ ബിജെപി തയ്യാറാക്കി 22 നിർദ്ദേശങ്ങളിൽ 20 എണ്ണം ബജറ്റ് പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്താം എന്ന് ഉറപ്പു ലഭിച്ചതോടെ അനിശ്ചിതത്വത്തിന് വിരാമമാവുകയായിരുന്നു.

ബജറ്റ് അച്ചടിക്ക് മണിക്കൂറുകൾക്ക് മുമ്പ് കൂടിയ ധനകാര്യ സ്ഥിരംസമിതി ഇതിന് അംഗീകാരം നൽകി. കൗൺസിലിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിത നടപടിയിൽ ഭരണസമിതി പതറിപ്പോയി. ബജറ്റ് നിർദേശങ്ങൾ തയ്യാറാക്കാനായി മുൻപ് 9 തവണ ധനകാര്യ സ്ഥിരം സമിതി കൂടിയിരുന്നു. പത്താമത്തെ യോഗം കഴിഞ്ഞ ശനിയാഴ്ച കൂടിയപ്പോഴാണ് ബിജെപി അംഗങ്ങൾ നിർദ്ദേശങ്ങൾ പാസാക്കാൻ കഴിയില്ലെന്ന് അറിയിച്ചത്. സിപിഐ പ്രതിനിധിയായ ഡെപ്യൂട്ടി മേയർ പി കെ രാജ് ഉൾപ്പെടെ 13 അംഗ സമിതി ഏഴ് പേർ ബിജെപി അംഗങ്ങൾ ആണ്. മരാമത്ത് പണികൾ അനുവദിക്കുന്നതിലും മറ്റും വിവേചനം കാണിക്കുകയാണെന്ന് ആരോപിച്ചാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചത്. തിങ്കളാഴ്ച മേയറുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം കൂടി ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങൾ വഴങ്ങിയില്ല പാർട്ടികളുടെ ജില്ലാ നേതൃത്വം ഇടപെട്ടു. തങ്ങൾ സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഒത്തുതീർപ്പിന് വാങ്ങാമെന്ന് പാർലമെന്ററി പാർട്ടി യോഗം കൂടിയ ശേഷം ബിജെപി അംഗങ്ങൾ അറിയിച്ചു.

ഇതിനുപിന്നാലെ തങ്ങൾ തയ്യാറാക്കിയ നിർദേശങ്ങൾ മിക്കതും ഒഴിവാക്കി പുതിയ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചു. ഇതോടെ പ്രതിസന്ധിക്ക് അല്പം അയവു വന്നെങ്കിലും സ്ഥിരംസമിതി യോഗത്തിൽ ബിജെപി അംഗങ്ങൾ എന്ത് നിലപാട് എടുക്കും എന്ന് വീണ്ടും ഭരണസമിതി ആകാംക്ഷയിൽ ആക്കി. നേരിട്ട് സാന്നിധ്യത്തിൽ ഇന്നലെ വൈകിട്ട് ധനകാര്യ സ്ഥിരം സമിതി യോഗം കൂടിയപ്പോൾ വി.ജി ഗിരികുമാർ, എസ്. മധുസൂദനൻ നായർ മോഹനൻ നായർ എന്ന ബിജെപി അംഗങ്ങൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു. പങ്കെടുത്ത നാല് അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി എങ്കിലും യുഡിഎഫ് അംഗത്തിന്റെ കൂടി പിന്തുണ ഉറപ്പാക്കി സ്ഥിരം സമിതി നിർദേശങ്ങൾ അംഗീകരിക്കുകയായിരുന്നു.

Related Articles

Latest Articles