കൊൽക്കത്ത : ബംഗാളിൽ വീണ്ടും തൃണമൂലിന്റെ നരനായാട്ട് (Trinamool Attack). പശ്ചിമ ബംഗാളിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. ബിജെപി യൂത്ത് വിംഗ് നേതാവ് മിഥുൻ ഘോഷ് ആണ് കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം സാമൂഹ്യ വിരുദ്ധരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് തൃണമൂൽ പ്രവർത്തകരുടെ വാദം. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. ഇറ്റാഹറിലെ വീടിന് മുൻപിൽ വച്ചായിരുന്നു മിഥുന് വെടിയേറ്റത്. തോക്കുമായി ബൈക്കുകളിൽ എത്തിയ അക്രമി സംഘം അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ബൈക്കുകളിലാണ് അക്രമി സംഘം എത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബൈക്കുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അക്രമികൾക്കായി പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും നേരത്തെ തന്നെ മിഥുന് ഭീഷണിയുണ്ടായിരുന്നതായി ഉത്തർ ദിനാജ്പൂർ ജില്ലാ അദ്ധ്യക്ഷൻ ബസുദേബ് സർക്കാർ പറഞ്ഞു. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നിരവധി ഫോൺ കോളുകൾ അടുത്തിടെ മിഥുന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ തൃണമൂൽ പ്രവർത്തകർ തന്നെയാണെന്നും ബസുദേബ് വ്യക്തമാക്കി.

