Monday, April 29, 2024
spot_img

സംഭവിച്ചത് സാങ്കേതികമായ പിഴവ്; പദയാത്രയുടെ ലൈവ് ഒരുക്കിയത് പാർട്ടി അനുഭാവികളും പ്രവർത്തകരുമായ ടീം; പാർട്ടിയിലെ ഐക്യം തീർക്കാൻ മാദ്ധ്യമങ്ങൾ ദുഷ്പ്രചാരണം നടത്തുന്നു; വിശദീകരണവുമായി ബിജെപി മലപ്പുറം സോഷ്യൽ മീഡിയ ടീം

മലപ്പുറം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര വൻ ജനപങ്കാളിത്തത്തോടെ മുന്നേറുമ്പോൾ മലപ്പുറം ജില്ലയിലെ പദയാത്രയുടെ ലൈവിനിടെ പ്രചാരണ ഗാനത്തിൽ കേന്ദ്രസർക്കാർ വിരുദ്ധ പരാമർശങ്ങൾ കടന്നുകൂടിയത് സാങ്കേതിക പിഴവാണെന്ന് ബിജെപി മലപ്പുറം സോഷ്യൽ മീഡിയ ടീം. പിഴവുകൾ ബോധംപൂർവ്വമാണെന്ന് പാർട്ടി വിലയിരുത്തിയതായുള്ള വാർത്തകൾ പാർട്ടിയിലെ ഐക്യം തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും വിശദീകരണം. യാത്രയ്ക്കിടെ രാത്രിയിൽ ജനറേറ്ററുകൾ നിന്നുപോകുകയും വെളിച്ചക്കുറവ് കാരണം തത്സമയ സംപ്രേക്ഷണം നിർത്തി വയ്‌ക്കേണ്ടി വന്നപ്പോൾ യൂട്യൂബിൽ നിന്ന് പ്ലേ ചെയ്‌ത പ്രചാരണ ഗാനത്തിൽ പഴയ പ്രചാരണ ഗാനം കയറിപ്പോയതിനാലാണ് കേന്ദ്രസർക്കാർ വിരുദ്ധ വരികൾ വന്നതെന്നാണ് മലപ്പുറം സോഷ്യൽ മീഡിയ ടീമിന്റെ വിശദീകരണം. 2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിൽ യു പി എ സർക്കാരിനെതിരെയുള്ള വരികളടങ്ങിയ ഗാനമാണ് ലൈവിൽ തെറ്റായി പ്ലേ ചെയ്‌തത്‌.

പദയാത്രയുടെ നോട്ടീസിലും പ്രചാരണ ഗാനത്തിലും പറ്റിയ അബദ്ധങ്ങൾ ബോധപൂർവ്വമാണെന്നും സംസ്ഥാന ഐ ടി സെൽ സംസ്ഥാന പ്രെസിഡന്റിനെതിരെ പ്രവർത്തിക്കുന്നുവെന്നും പാർട്ടി വിലയിരുത്തിയതായാണ് ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. പദയാത്ര ലൈവിന്റെ ചുമതല നൽകിയിരുന്നത് പൂർണ്ണമായും പാർട്ടി അനുഭാവികളും സ്വയംസേവകരും അടങ്ങുന്ന ടീമിനായിരുന്നുവെന്നും അവരുടെ ഭാഗത്തുണ്ടായ ബോധപൂർവ്വമല്ലാത്ത ഒരു തെറ്റ് മാത്രമായിരുന്നു തത്സമയ സംപ്രേക്ഷണത്തിനിടെ സംഭവിച്ചതെന്നും സോഷ്യൽ മീഡിയ ടീം വ്യക്തമാക്കി.

Related Articles

Latest Articles