Wednesday, May 8, 2024
spot_img

വാർത്തകൾ പടച്ചുവിടും മുമ്പ് വാസ്തവം വിളിച്ചന്വേഷിക്കാൻ കേരളത്തിലെ മാദ്ധ്യമങ്ങൾ ശ്രമിക്കണം; പൊന്നാനിയിൽ സംഭവിച്ചത് മനുഷ്യസഹജമായ പിഴവുമാത്രം; പ്രചരിക്കുന്നത് മുഴുവൻ വ്യാജ വാർത്തകളെന്ന് പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: വാർത്തകൾ എഴുതും മുമ്പ് അത് സത്യമാണോ എന്നന്വേഷിക്കാൻ കേരളത്തിലെ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും പൊന്നാനിയിൽ പദയാത്ര ലൈവിനിടെ വന്നത് 2013 ൽ യു പി എ സർക്കാരിനെതിരെ ഉണ്ടാക്കിയ പ്രചാരണ ഗാനമായിരുന്നുവെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. അത് അവിടത്തെ പ്രവർത്തകർക്ക് പറ്റിയ മനുഷ്യ സഹജമായ പിഴവായിരുന്നു. ഇത്തരം കാര്യങ്ങൾ മാദ്ധ്യമങ്ങളിലും ദിനംപ്രതിയെന്നോണം നടക്കുന്നുണ്ട്. ഇതിന് യാതൊരു നടപടികളും സ്വീകരിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. പൊന്നാനിയിൽ ബിജെപി സംസ്ഥന അദ്ധ്യക്ഷൻ നയിക്കുന്ന പദയാത്രയുടെ ലൈവിനിടെ കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന ഗാനം പ്രക്ഷേപണം ചെയ്യപ്പെട്ടത് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. തെറ്റ് ബോധപൂർവ്വമായിരുന്നെന്നും സംസ്ഥാന ഐ ടി സെല്ലിന് ഇതിൽ പങ്കുണ്ടെന്നുമാണ് പാർട്ടി വിലയിരുത്തിയതായാണ് മാദ്ധ്യമ പ്രചാരണം.

2014 ലെ പഴയ പ്രചാരണ ഗാനം പദയാത്രയുടെ ലൈവിൽ വന്നത് പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായ മനുഷ്യ സഹജമായ പിഴവായിരുന്നെന്നും. ഈ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന അദ്ധ്യക്ഷൻ ഐ ടി സെൽ മേധാവിയോട് വിശദീകരണം ചോദിച്ചെന്നുമുള്ള മാദ്ധ്യമവാർത്തകൾ അസംബന്ധമാണെന്നും ഈ രീതിയിലല്ല ബിജെപിയുടെ പ്രവർത്തനമെന്നും അദ്ദേഹം തത്വമയി ന്യൂസിനോട് പറഞ്ഞു. പാർട്ടി സംസ്ഥാന നേതൃത്വവും ഐ ടി സെല്ലും കടുത്ത അഭിപ്രായ ഭിന്നതയിലാണെന്ന് പ്രചരിപ്പിക്കാൻ നേരത്തെയും ചില മാദ്ധ്യമങ്ങൾ ശ്രമിച്ചിരുന്നു.

യാത്രയ്ക്കിടെ രാത്രിയിൽ ജനറേറ്ററുകൾ നിന്നുപോകുകയും വെളിച്ചക്കുറവ് കാരണം തത്സമയ സംപ്രേക്ഷണം നിർത്തി വയ്‌ക്കേണ്ടി വന്നപ്പോൾ യൂട്യൂബിൽ നിന്ന് പ്ലേ ചെയ്‌ത പ്രചാരണ ഗാനത്തിൽ പഴയ പ്രചാരണ ഗാനം കയറിപ്പോയതിനാലാണ് കേന്ദ്രസർക്കാർ വിരുദ്ധ വരികൾ വന്നതെന്നാണ് മലപ്പുറം സോഷ്യൽ മീഡിയ ടീമിന്റെയും വിശദീകരണം. 2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിൽ യു പി എ സർക്കാരിനെതിരെയുള്ള വരികളടങ്ങിയ ഗാനമാണ് ലൈവിൽ തെറ്റായി പ്ലേ ചെയ്‌തത്‌.

Related Articles

Latest Articles