Monday, April 29, 2024
spot_img

“ഹമാസ് അനുകൂല സമ്മേളനത്തിൽ മുഴങ്ങിയത് പച്ചയായ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ! രാജ്യത്തിന്റെ പൊതുവായ നിലപാടിനെതിരെ യുഎന്നിൽ ഇരുന്ന തരൂരിനെ പോലെയൊരാൾ പരസ്യമായി രംഗത്ത് വന്നത് അംഗീകരിക്കാനാവില്ല !” – രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കോഴിക്കോട് നടന്ന ഹമാസ് ഐക്യദാർഢ്യ സമ്മേളനത്തിൽ ശശി തരൂർ എംപി പങ്കെടുത്തത് ശരിയായില്ലെന്നും രാജ്യത്തിന്റെ പൊതുവായ നിലപാടിനെതിരെ യുഎന്നിൽ ഇരുന്ന തരൂരിനെ പോലെയൊരാൾ പരസ്യമായി രംഗത്ത് വന്നത് അംഗീകരിക്കാനാവില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് അനുകൂല സമ്മേളനത്തിൽ പച്ചയായ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയതെന്നും അദ്ദേഹം വിമർശിച്ചു. അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

“ഹമാസ് അനുകൂല സമ്മേളനത്തിൽ പച്ചയായ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. മുനീറിനെ പോലെയുള്ളവർ ഹമാസ് ഭീകരവാദികളെ ഭഗത് സിങ്ങിനെയും സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുമായാണ് ഉപമിച്ചത്. തരൂർ ഇത്തരമൊരു സമ്മേളനത്തിൽ പങ്കെടുത്തത് വർഗീയ ശക്തികളുടെ വോട്ട് നേടാൻ വേണ്ടിയാണ്. ഇന്ത്യാ വിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്ന ഹമാസിനൊപ്പം നിൽക്കുന്നത് രാജ്യദ്രോഹപരമാണ്. സമാധാനമല്ല ഇവർക്ക് വേണ്ടത് വോട്ടാണെന്ന് വ്യക്തമായി. പശ്ചിമേഷ്യയിലെ മനുഷ്യ കുരുതിയുടെ ഒരു ഭാഗം മാത്രമാണ് ഇവർ പ്രചരിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ശശി തരൂർ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ അഭാവം മുസ്‍ലിം ലീഗും ഡിവൈഎഫ്ഐയും നികത്തുകയാണ്.” – കെ. സുരേന്ദ്രൻ പറഞ്ഞു.

പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‍ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയിൽ ശശി തരൂരിന്റെ പരാമർശം വേദിയിൽ സന്നിഹിതരായിരുന്ന മുസ്‍ലിം ലീഗ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഹമാസിനെ ഭീകരവാദികളെന്നും ഗാസയിലെ ആക്രമണത്തെ യുദ്ധമെന്നും വിശേഷിപ്പിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്.

 “നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയപ്പോൾ ലോകം അതിനെതിരെ പ്രതിഷേധമുയർത്തി. തിരിച്ച് ഇസ്രയേൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ബോംബിങ്ങിനെതിരെയും നമ്മൾ അടക്കമുള്ള ലോകം പ്രതിഷേധിക്കുകയാണ്. ഭീകരവാദികളുടെ പ്രവർത്തനം രണ്ടു ഭാഗത്തുനിന്നും ഉണ്ടായി…കഴിഞ്ഞ 15 വർഷത്തെക്കാൾ കൂടുതലാണ് 19 ദിവസം കൊണ്ട് ഉണ്ടായ മരണം ” തരൂർ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. 

മറുപടി പ്രസംഗത്തിൽ തരൂരിനെ തിരുത്തി ലീഗ് നേതാക്കളും രംഗത്തുവന്നു. ഗാസയിൽ നടക്കുന്നതു സ്വാതന്ത്ര്യ പോരാട്ടമാണെന്നും യുദ്ധമെന്ന വിശേഷണം തെറ്റാണെന്നും സമദാനി പറഞ്ഞു. ഭഗത് സിങ് അടക്കമുള്ളവർ നടത്തിയ സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളെ ബ്രിട്ടിഷ് ചരിത്രം ഭീകരവാദമെന്നാണു രേഖപ്പെടുത്തിയതെങ്കിലും യഥാർഥത്തിൽ അത് ചെറുത്തുനിൽപ്പായിരുന്നുവെന്നാണ് മുനീർ പറഞ്ഞത്.

Related Articles

Latest Articles